കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!

0
140

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ  ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. അതിന് അനുസരിച്ച് സമയം ക്രമീകരിക്കണം. പകൽ സമയത്തെ പരിശീലനവും ഡ്രില്ലും ഒഴിവാക്കണം. സമ്മര്‍ ക്യാമ്പുകള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദേശം.സ്കൂളുകള്‍ ഓൺലൈനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും.

ആറാം തീയതി വരെയാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും താപനില മുന്നറിയിപ്പ് തുടരുകയാണ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്നത്. യോഗത്തില്‍ വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. 

പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. 

മെയ് ആറ് വരെ  പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ  ഒഴിവാക്കണം. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ – നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here