ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായേക്കും! ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയെന്ന് റിപ്പോര്‍ട്ട്

0
93

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയെ ഈ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. ബിസിസിഐയുമായി അടുപ്പമുള്ള മുതിര്‍ന്ന കമന്റേറ്റര്‍മാരില്‍ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തില്‍ നിര്‍ണായകമായി. മാത്രമല്ല, ഗംഭീര്‍ ഇന്ത്യയുടെ കോച്ചാകുമെന്നുള്ള വെളിപ്പെടുത്തല്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമ നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.

എന്നാല്‍, ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനാക്കണമെന്ന ഉപാധി ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍ വെച്ചതായി ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്റെ സമ്മര്‍ദ്ദത്തില്‍ ഗംഭീര്‍ കൊല്‍ക്കത്തയില്‍ തന്നെ തുടരാനുള്ള സാധ്യതകളുമുണ്ട്. മൂന്ന് വര്‍ഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വര്‍ഷത്തില്‍ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യന്‍ കോച്ച് ആവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here