ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

0
65

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് പ്രജ്വൽ തിരിച്ചെത്തിയത്. പീഡനക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിട്ടത്.

ജർമനിയിൽനിന്ന് പുലർച്ചെയാണ് ബെംഗളൂരു എയർപോർട്ടിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽനിന്ന് പ്രജ്വലിനെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. വിമാനത്താവളത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു പൊലീസ് നീക്കം.

ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. ജീവനക്കാരുടെ മൊബൈൽ ഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. ജനപ്രതിനിധികളുടെ പ്രത്യേക കോടതി എം.പിക്കെതിരെ നേരത്തേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സ്വയം ചിത്രീകരിച്ച മുവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here