കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്

0
106

ന്യൂഡൽഹി∙ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ് ഫാർമ ഭീമന്മാരായ അസ്ട്രാസെനക്ക നിർമിച്ച കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന് ഉൽപ്പാദക്കമ്പനി യുകെ ഹൈക്കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പ്രതികരണം.

‘‘സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണ് കോവാക്സീൻ നിർമിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയിൽ ട്രയൽ നടത്തിയ ഏക വാക്സീൻ കോവാക്സിൻ ആണ്. ലൈസൻസ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം വിഷയങ്ങളിൽ കോവാക്സീൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസൻസ് ലഭിച്ചത്. വാക്സീന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.’’ – ഭാരത് ബയോടെക്ക് പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രാഥമിക ഘട്ടത്തിൽ കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകളാണ് ഇന്ത്യയിൽ ഏറ്റവുമധികം നൽകിയത്.

കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നതുൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നാണ് അസ്ട്രാസെനക്ക യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ രേഖകളിലാണ് പാർശ്വഫലങ്ങൾ സ്ഥിരീകരിച്ചത്. പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്തിനെത്തുടർന്ന് വാക്സീൻ വിതരണം യുകെയിൽ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു.

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലെറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) അപൂർവമായി ഉണ്ടാകാമെന്നാണ് കമ്പനി വ്യക്തമാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം മസ്തിഷ്ക സംബന്ധമായ പ്രശ്നമുണ്ടായ ജെയിംസ്കോട്ട് എന്നയാളാണ് ആദ്യം കേസിനു പോയത്. പിന്നാലെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചു. അതേസമയം, വാക്സീന്റെ ഗവേഷകരായ ഓക്സ്ഫഡ് ഇതെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അപൂർവമായി ചിലരിൽ പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സീൻ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണു ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തേ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here