പതിമൂന്നുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിന് എട്ടിന്റെ പണി, ഒന്നുമറിയാത്ത വാഹന ഉടമയ്ക്കും കേസ്

0
217

മഞ്ചേരി: പതിമൂന്ന് വയസ്സുകാരനായ മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്രചെയ്ത സംഭവത്തില്‍ പിതാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു.

ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മഞ്ചേരി -അരീക്കോട് റോഡില്‍ പുല്ലൂരില്‍നിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്ത് പൂല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാംവിധം സ്‌കൂട്ടറോടിച്ചത്.

മകന്‍ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ വാഹനം ഓടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തി. അന്വേഷണത്തില്‍ കുട്ടിയുടെ പിതാവ് രണ്ടുമാസം മുന്‍പ് തൃശ്ശൂരില്‍നിന്ന് വാങ്ങിയ സ്‌കൂട്ടറാണിതെന്നും ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമക്കെതിരേയും കേസെടുത്തു.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദേശപ്രകാരം ഏറനാട് സ്‌ക്വാഡിലെ എം.വി.ഐ. ബിനോയ് കുമാര്‍, എ.എം.വി.ഐ. ഷീജ മാട്ടട എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here