കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക്; അടുത്ത ഒരാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

0
163

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മഴ ശക്തിപ്പെടുന്നതിനാൽ സാഹചര്യങ്ങൾ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമെർപ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വിനോദ സഞ്ചാരികളിലേക്ക് സുരക്ഷാ മുന്നറിയിപ്പുകൾ എത്തി എന്നുറപ്പാക്കണം. നിർമ്മാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ബോർഡുകൾ യാത്രക്കാർക്ക് കാണുന്ന തരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളിൽ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളിൽ അടിയന്തരമായി അപകട സാധ്യത ലഘൂകരിക്കാൻ വേണ്ട ഇടപെടൽ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here