ഡല്‍ഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് വിശദീകരണം . കോവീഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെയാണ് നടപടി.’ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലുള്ളത്. സര്‍ട്ടിഫിക്കറ്റില്‍ നിന്നും അദ്ദേഹത്തിന്‍റെ പേരും ചിത്രവും പിന്‍വലിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന നിര്‍മാതാക്കളായ അസ്ട്രസെനകയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്. വാക്സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. യുകെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്.
വിവാദത്തിനിടെ പ്രധാനമന്ത്രിയുടെ ചിത്രം പിന്‍വലിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. “അതെ, ഞാൻ ഇപ്പോൾ പരിശോധിച്ചു, പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ അപ്രത്യക്ഷമായി, അദ്ദേഹത്തിൻ്റെ ഫോട്ടോയ്ക്ക് പകരം ക്യുആർ കോഡ് മാത്രമേയുള്ളൂ.” കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇര്‍ഫാന്‍ അലി എക്സില്‍ കുറിച്ചു. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് കോവിഡ് സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ നീക്കം ചെയ്യുന്നത് ഇതാദ്യമല്ല.2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ഫോട്ടോ പിന്‍വലിച്ചിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ വാക്സിന്‍റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കി. സുപ്രിംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്.
Hi @BhavikaKapoor5 ,
Yes, I just checked and PM Modi’s photo has disappeared and there is only QR code instead of his photo.
Guys, please check your covid vaccination certificate. #LokSabhaElections2024 #covidshield https://t.co/tyhQ12oIhI
— Irfan Ali (@TweetOfIrfan) May 1, 2024