‘ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?’; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

0
124

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികളായ അദാനി, അംബാനി എന്നിവരുമായുള്ള ബന്ധം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിന് പിന്നിലെ സാമ്പത്തിക ഇടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

ശതകോടീശ്വരന്മാരായ അദാനിക്കും അംബാനിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു മറുപടിയായാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറിയത് രാഹുല്‍ സജീവ ചര്‍ച്ചയാക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങൾ ഗൗതം അദാനിക്ക് കൈമാറിയതെങ്ങനെയെന്ന് ചോദിക്കുന്ന വീഡിയോയാണ് രാഹുല്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചത്.

”ഇന്ന് ഞാന്‍ ചരണ്‍ സിങ് ജിയുടെ പേരിലുള്ള ലക്‌നൗ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഈ വിമാനത്താവളത്തിന്റ നടത്തിപ്പ് അംബാനിക്കാണ്. മുംബൈ, അഹമ്മദാബാദ്, ലക്‌നൗ, തിരുവനന്തപുരം, മംഗലാപുരം, ഗുവാഹതി, ജയ്പൂർ എന്നീ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അംബാനിക്കാണ്. എല്ലാ വിമാനത്താവളങ്ങളും പ്രധാനമന്ത്രി തന്റെ ‘ടെമ്പോ സുഹൃത്തി’ന് കൈമാറി. ടെമ്പോകള്‍ക്കുവേണ്ടിയാണ് രാജ്യത്തെ സ്വത്തുക്കള്‍ കൈമാറിയതെന്ന് നരേന്ദ്ര മോദി പൊതുസമൂഹത്തിന് മുന്നില്‍ പറയുമോ?” രാഹുൽ ചോദിക്കുന്നു.

”നികുതിദായകരുടെ പണത്തില്‍ നിന്നും നിര്‍മിച്ച ഏഴ് വിമാനത്താവളങ്ങളാണ് 2020നും 2021നുമിടയില്‍ ഗൗതം ഭായിക്ക് കൈമാറിയത്. ഇതിന് എത്ര ടെമ്പോകള്‍ എടുത്തുവെന്ന് ഞങ്ങളോട് പറയൂ. ഈ അന്വേഷണം എപ്പോള്‍ തുടങ്ങും? അഞ്ചോ ആറോ ദിവസങ്ങള്‍ക്ക് മുമ്പ് അദാനിയും അംബാനിയും ഞങ്ങള്‍ക്ക് കള്ളപ്പണം നല്‍കിയെന്ന് നിങ്ങള്‍ പറഞ്ഞു. സിബിഐയെയും ഇഡിയെയും അയയ്ക്കൂ,” രാഹുല്‍ പറയുന്നു. ലക്‌നൗ വിമാനത്താവളത്തിലെ അദാനി ഡിഫന്‍സ് ആന്‍ഡ് എയറോസ്‌പേസിന്റെ പരസ്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം രാഹുല്‍ എന്തുകൊണ്ടാണ് ‘ അംബാനി-അദാനി’ വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്നായിരുന്നു നരേന്ദ്ര മോദി ആരോപിച്ചത്. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ ആക്ഷേപം. ഇരു വ്യവസായികളുമായി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും മോദി ആരോപിച്ചിരുന്നു. അംബാനി – അദാനിമാരില്‍നിന്ന് എത്രയാണ് വാങ്ങിയതെന്നും, എത്ര കള്ളപ്പണമുണ്ടെന്ന് ചോദിക്കണമെന്നും മോദി പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ”അംബാനി – അദാനിമാരില്‍നിന്ന് എത്രയാണ് വാങ്ങിയതെന്നും എത്ര കള്ളപ്പണമുണ്ടെന്ന് ചോദിക്കണമെന്നും മോദി പറഞ്ഞു. മോദി ചെറുതായി പേടിച്ചിട്ടുണ്ടോ? സാധാരണ രഹസ്യമായാണ് അദാനിയുടെയും അംബാനിയുടെയും പേര് മോദി പറയുന്നത്. എന്നാല്‍ ആദ്യമായത് പരസ്യമായി പറയുന്നുത്,” സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here