പാമ്പുകടിയേറ്റ് യുവാവ് മരിച്ചു, പുനർജീവിപ്പിക്കാൻ മൃതദേഹം ഗംഗാനദിയിൽ കെട്ടിത്തൂക്കി കുടുംബം

0
121

പാമ്പുകടിയേറ്റ് മരിച്ച യുവാവിനെ വീണ്ടും ജീവിപ്പിക്കാൻ മൃതദേഹം ഗംഗാനദിയിൽ കെട്ടിയിറക്കി കുടുംബം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ഏപ്രിൽ 26ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുപതുകാരനായ മോഹിത് കുമാർ. തുടർന്ന് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മോഹിത്തിനെ നാട്ടുവൈദ്യന്റെ അടുത്തേക്കാണ് കൊണ്ടുപോയത്. പോകുംവഴി തന്നെ ഇയാൾ ബോധരഹിതനായിരുന്നു.

പാമ്പ് കടിച്ച ഭാഗത്ത് തുണി മുറുകെക്കെട്ടിയാണ് യുവാവിനെ ചികിത്സക്കായി കൊണ്ടുപോയത്. വഴിമധ്യേ ഇയാൾ സംസാരിക്കുന്നത് നിർത്തിയതായി നാട്ടുകാർ പറയുന്നു. തുടർന്ന്, റാണ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാൽ, ഡോക്ടർമാരും മോഹിത് മരിച്ചതായി വിധിയെഴുതുകയായിരുന്നു.

എന്നാൽ, സംസ്കാര ചടങ്ങുകൾ നടത്താതെ മോഹിതിന്റെ മൃതദേഹവുമായി കുടുംബം നേരെ പോയത് ഗംഗാനദിയുടെ തീരത്തേക്കാണ്. ഗംഗാ നദിയിലെ ഒഴുകുന്ന വെള്ളത്തിൽ മൃതദേഹം മുക്കിവെച്ചാൽ വിഷമിറങ്ങി മരിച്ചയാൾ പോലും ജീവിച്ചുവരുമെന്ന അന്ധവിശ്വാസമായിരുന്നു കാരണം. തുടർന്ന്, കയറിൽ കെട്ടി മോഹിതിന്റെ മൃതദേഹം ഗംഗാനദിയിലേക്ക് ഇറക്കി. രണ്ടുദിവസമാണ് മൃതദേഹം ഇങ്ങനെ നദിയിൽ കയറിൽ കെട്ടിത്തൂക്കിയിട്ടത്. അത്ഭുതങ്ങൾ ഒന്നും സംഭവിക്കാത്തതിനാൽ ഗംഗയുടെ തീരത്ത് തന്നെ സംസ്കരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങളും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here