തിരുവനന്തപുരം: കാടും പുഴയുമൊക്കെ അതിർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും.
പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന, വാർഡുകളുടെ സ്‌കെച്ചുൾപ്പെടെയുള്ള കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. വാർഡ് വിഭജനത്തിൽ ഭരണകക്ഷിയുെട താത്‌പര്യങ്ങൾക്ക് പ്രാധാന്യംകിട്ടുന്നുവെന്ന പരാതി എല്ലായിപ്പോഴും ഉയരാറുണ്ട്. ജില്ലകളിൽ കമ്മിഷൻ അധ്യക്ഷൻതന്നെ പരാതിക്കാരെ വിളിപ്പിച്ച് വാദംകേൾക്കൽ നടത്തും. കമ്മിഷന്റെ തീർപ്പിനുശേഷം അന്തിമവിജ്ഞാപനമിറക്കും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക പുതുക്കും, ബൂത്തും നിശ്ചയിക്കും. നിലവിലെ തീരുമാനപ്രകാരം 1200 പുതിയ വാർഡുകൾ വരും.
ഗ്രാമപ്പഞ്ചായത്തുകളിൽ
• നിലവിൽ കുറഞ്ഞത്-13, കൂടിയത്-23. ഇത് 14-24 എന്നാകും.
• നിലവിൽ ജനസംഖ്യ പതിനയ്യായിരംവരെയാണെങ്കിലാണ് 13 വാർഡുകൾ. ഇതുകഴിഞ്ഞുള്ള ഓരോ 2500 പേർക്കും ഒരുവാർഡ് അധികമായി ഉണ്ടാകണമെന്നാണ് ഇപ്പോഴത്തെ ചട്ടം. നിശ്ചിതപരിധി കഴിഞ്ഞ് 2490 പേരേയുള്ളു അധികജനസംഖ്യയെങ്കിൽ വാർഡ് കൂടില്ല. പരമാവധി 23 വാർഡുകൾ
ബ്ലോക്ക് പഞ്ചായത്തുകളിൽ
• നിലവിൽ കുറഞ്ഞത്-13, കൂടിയത്-23. ഇത് 14-24 എന്നാകും.
• നിലവിൽ ഒന്നരലക്ഷംപേർക്ക് 13 വാർഡുകൾ. ഒന്നരലക്ഷം കഴിഞ്ഞ് ഓരോ 25,000 പേർക്കും ഓരോ വാർഡ് കൂടും.
ജില്ലാ പഞ്ചായത്തിൽ
• നിലവിൽ കുറഞ്ഞത്-16, കൂടിയത്-32. ഇത് 17-33 എന്നാകും.
• നിലവിൽ 10 ലക്ഷംപേർക്ക് 16 വാർഡ്. 10 ലക്ഷം കഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും ഒരു വാർഡ് അധികം.
മുനിസിപ്പാലിറ്റികളിൽ
• നിലവിൽ കുറഞ്ഞത്-25, കൂടിയത്-52. ഇത് 26-53 എന്നാകും
• നിലവിൽ 20,000 ജനസംഖ്യവരെ 25. ഓരോ 2500 പേർക്കും ഒരുവാർഡ് കൂടും.
കോർപ്പറേഷനുകളിൽ
• നിലവിൽ കുറഞ്ഞത്-55, കൂടിയത്-100. ഇത് 56-101 എന്നാകും
• നാലുലക്ഷംവരെ 55. പിന്നെ പതിനായിരത്തിന് ഒരു വാർഡ് കൂടും. തിരുവനന്തപുരത്ത് മാത്രമാണ് 100 വാർഡ് ഉള്ളത്.