ഗസ്സയുടെ ചോര പുരണ്ട ഉത്പന്നങ്ങള്‍ വേണ്ട; ബഹിഷ്ക്കരണത്തില്‍ അടിതെറ്റി ഭീമന്‍മാര്‍, മലേഷ്യയില്‍ അടച്ചു പൂട്ടിയത് 108 കെ.എഫ്.സി ഔട്ട്‌ലെറ്റുകള്‍

0
148

ക്വാലാലമ്പൂര്‍: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരവേട്ടക്കു പിന്നാലെ ആരംഭിച്ച ബഹിഷ്‌ക്കരണ ക്യാംപയിനില്‍ അടിതെറ്റി ഭീമന്‍മാര്‍. അമേരിക്കന്‍ ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ 108 ഔട്ട്‌ലെറ്റുകള്‍ മലേഷ്യയില്‍ അടച്ചു പൂട്ടി. മലേഷ്യയില്‍ 600 ഔട്ട്‌ലെറ്റുകളാണുള്ളത്.

മലേഷ്യയിലെ കെലന്തന്‍ സംസ്ഥാനത്തുള്ള ഔട്ട്‌ലെറ്റുകളാണ് ഏറെയും അടച്ചുപൂട്ടിയത്. ‘ബഹിഷ്‌കരണത്തെ തുടര്‍ന്ന് കച്ചവടത്തില്‍ വന്‍തോതില്‍ ഇടിവാണുണ്ടായത്. വരുമാനത്തിലും വന്‍ തോതില്‍ കുറവുണ്ടായതിന് പിന്നാലെയാണ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അധികൃതര്‍ വിശദീകരിച്ചു’.

അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരെ തുറന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് നിയമിച്ചതായി കമ്പനി അധികൃതര്‍ വിശദീകരിച്ചു.

ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന കൂട്ടക്കുരുതിയെ അമേരിക്ക പിന്തുണച്ചതിന് പിന്നാലെ കെ.എഫ്.സിയടക്കമുള്ള ആഗോള ഫുഡ് ശൃംഖലകള്‍ക്ക് വന്‍ തോതില്‍ ബഹിഷ്‌കരണം നേരിടേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ വന്‍ തിരിച്ചടിയാണ് കുത്തക ഭീമന്‍മാര്‍ നേരിടുന്നത്.

ഇസ്‌റാഈല്‍ സേനക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ടെന്ന് പ്രഖ്യാപിച്ച മക്‌ഡൊണാള്‍ഡ്‌സിനെതിരെയും വന്‍തോതില്‍ ബഹിഷ്‌കരണ ക്യാംപയിന്‍ നടന്നിരുന്നു. ഇതിന് പിന്നാലെ കമ്പനിക്ക് മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെ പല വിപണികളിലും വന്‍തോതില്‍ നഷ്ഡമുണ്ടായെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ സി.ഇ.ഒ ക്രിസ് ചെംചിന്‍സ്‌കി ജനുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.സ്റ്റാര്‍ബക്‌സിനെതിരെയും വലിയതോതില്‍ ബഹിഷ്‌കരണം നടന്നിരുന്നു. കൂടാതെ കൊക്കോ കോള, പെപ്‌സി, ബര്‍ഗര്‍ കിംഗ്, ആമസോണ്‍, ഡൊമിനോ പിസ തുടങ്ങിയ കമ്പനികള്‍ ഇത്തരത്തില്‍ വമ്പന്‍ തിരിച്ചടി നേരിട്ട കമ്പനികളാണ്. ബഹിഷ്‌ക്കരണം ഈ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here