കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന

0
176

കാഞ്ഞങ്ങാട്: കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്‌.

ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 200-ഓളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ നാനൂറോളം വീടുകളിലാണ് പോലീസ് ഇതുവരെ പരിശോധന നടത്തിയത്.

കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുക, സമാന സ്വഭാവമുള്ള കേസില്‍പ്പെടുകയും അടുത്തകാലത്ത് ജയിലില്‍നിന്ന് ഇറങ്ങുകയും ചെയ്തിട്ടുള്ള പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുക, ലഹരി-മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള പരിശോധന എന്നീ കാര്യങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും പരിശോധിക്കുന്നതിനായി അന്വേഷണ സംഘത്തെ വീണ്ടും തരംതിരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here