ഹൊസങ്കടി : കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് അധികൃതർ പിടിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.40-ന് ഹൊസങ്കടിയിൽവെച്ചാണ് കഞ്ചാവ് പിടിച്ചത്. എക്സൈസ് അസി. കമ്മിഷണറുടെ പ്രത്യേക നിർദേശമനുസരിച്ച് രാവിലെയും വൈകീട്ടും എക്സൈസ് നടത്തുന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് അധികൃതരെ കണ്ടയുടനെ ബാഗ് താഴെയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടന്നുവരികയാണെന്ന് കുമ്പള എക്സൈസ് അധികൃതർ പറഞ്ഞു. ചുമലിൽ ധരിക്കാവുന്ന ബാഗിനുള്ളിൽ പോളിത്തീൻ കവറുകളിൽ സെല്ലോ ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു കഞ്ചാവ്.
കർണാടകത്തിൽനിന്ന് കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണിതെന്ന് കരുതുന്നു.
വാഹന പരിശോധനയിൽ കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.വി. മനാഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഹമീദ്, പി.കെ. ലിമ എന്നിവർ പങ്കെടുത്തു.