വിവാഹമോചന വാർത്തകൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഹാർദിക്; പ്രതികരിക്കാതെ നടാഷ

0
138

മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശത്ത് അവധി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനായി നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം ഞായറാഴ്ച രാത്രി ന്യൂയോർക്കിലെത്തിയിരുന്നു.

നിലവിൽ വിദേശത്തുള്ള ഹാർദിക് ടീമിനൊപ്പം ചേർന്നിട്ടില്ല. വരുംദിവസം ടീമിന്‍റെ ഉപനായകൻ കൂടിയായ ഹാർദിക് നേരിട്ട് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേരുമെന്നാണ് വിവരം. സൂപ്പർതാരം വിരാട് കോഹ്ലിയും രണ്ടാം സംഘത്തോടൊപ്പമാണ് യാത്ര തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽനിന്ന് നടാഷ ഹാർദിക് പാണ്ഡ്യയുടെ പേരു നീക്കിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് സമൂഹമാധ്യമത്തിൽ അഭ്യൂഹങ്ങൾ പരന്നത്. നടാഷയോ, ഹാർദിക്കോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐ.പി.എല്ലിൽ പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെയാണ് ഹാർദിക് വിദേശത്തേക്ക് പറന്നത്. ഹാർദിക് നായകനായുള്ള ആദ്യ സീസണിൽതന്നെ മുംബൈ പോയന്‍റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്ത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരിക്കും താഴെയായിരുന്നു താരത്തിന്‍റെ പ്രകടനം. ഫോമിലല്ലാത്ത താരത്തെ ട്വന്‍റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു.

2020 മേയിലാണ് പാണ്ഡ്യയും സെര്‍ബിയൻ നടിയും മോഡലുമായ നടാഷയും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൗണിനിടെയായിരുന്നു ഇരുവരും വിവാഹിതരായ കാര്യം ആരാധകരെ അറിയിച്ചത്. ഒരു മകനുണ്ട്. 2023 ഫെബ്രുവരിയിൽ വിഹാഹ ചടങ്ങുകൾ വീണ്ടും നടത്തിയിരുന്നു. ജൂൺ ഒന്നിന് ന്യൂയോർക്കിൽ ബംഗ്ലാദേശുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് ബദ്ധവൈരികളായ പാകിസ്താനുമായി ഏറ്റമുട്ടും. 12ന് യു.എസ്.എ, 15ന് കാനഡ എന്നിവരുമായും ഗ്രൂപ്പ് എയിലുള്ള ഇന്ത്യക്ക് മത്സരങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here