മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽനിന്ന് പുറത്താക്കാം; വയോജനക്ഷേമത്തിന് നിയമഭേദഗതി വരും

0
157

തിരുവനന്തപുരം : മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് ഇനി നിയമത്തിന്റെ പിടിവീഴും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ ശുപാർശ.

വയോജനസുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെൽ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ ‘സീനിയർ സിറ്റിസൺ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് റൂൾസ്’ ഭേദഗതിക്കായി സർക്കാർ നിയോഗിച്ച സമിതി ശുപാർശചെയ്തു.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടർച്ചാവകാശിയെയും വീട്ടിൽനിന്നൊഴിവാക്കാൻ മുതിർന്ന പൗരന്മാർക്ക് ജില്ലാ മജിസ്‌ട്രേറ്റിനു പരാതി നൽകാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതി ന്യായമെന്നു കണ്ടാൽ, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവർക്കു നോട്ടീസ് നൽകും.

അതുലഭിച്ച് 30 ദിവസത്തിനകം വീട്ടിൽനിന്നു മാറിയില്ലെങ്കിൽ മജിസ്‌ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരേയുള്ള ഹർജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാൻ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ജില്ലകളിൽ സ്പെഷ്യൽ പോലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാർശയുണ്ട്. രണ്ടുപേർ സ്ത്രീകളടക്കം അഞ്ച്‌ സാമൂഹികപ്രവർത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ കളക്ടർ നിർദേശിക്കും.

എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി നിശ്ചയിക്കാനും വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയ റിപ്പോർട്ടിൽ ശുപാർശചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here