ഇ- വിസ കൂടുതൽ രാജ്യക്കാർക്ക്; ഇനി എളുപ്പം പറക്കാം, മൂന്ന് രാജ്യക്കാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ

0
178

റിയാദ്: കൂടുതല്‍ രാജ്യക്കാര്‍ക്ക് ഇലക്ട്രോണിക് വവിസിറ്റ് വിസ അനുവദിച്ച് സൗദി അറേബ്യ. മൂന്ന് രാജ്യങ്ങളെ കൂടിയാണ് സൗദിയുടെ ഇ-വിസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ബാര്‍ബഡോസ്, ബഹാമസ്, ഗ്രെനഡ എന്നീ കരീബിയന്‍ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ, സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനി ഇ- വിസിറ്റ് വിസയ്ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന സമയത്ത് വിസ നേടാനോ സാധിക്കും. പുതിയതായി മൂന്ന് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ആകെ സൗദി ഇ-വിസ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം  66 ആയി. ഇന്ത്യയ്ക്ക് ഇത്തവണയും ഇടം നേടാനായില്ല.

ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും.  

ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സൗദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല. സന്ദർശന വിസയുടെ സാധുത ഒരു വർഷമാണ്. ഈ കാലത്തിനുള്ളിൽ പല തവണ സൗദിയിലെത്താനും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും കഴിയും.പലതവണ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമെങ്കിലും ഒരു വർഷം പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ കഴിയൂ. 2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here