മുസ്‌ലിം ലീഗിന്റെ ലയനം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി

0
299

ന്യൂഡൽഹി: മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ (എം.എൽ.കെ.എസ്.സി) ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ (ഐ.യു.എം.എൽ) ലയിപ്പിച്ചതിനെതിരായ ഹരജിയിൽ ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ലീഗിന്റെയും പ്രതികരണം തേടി. നടപടിക്ക് നൽകിയ അംഗീകാരം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ദത്ത ബുധനാഴ്ച നോട്ടീസ് അയക്കാൻ നിർദേശിച്ചത്.

ഐ.യു.എം.എൽ സ്ഥാപകൻ ഖാഇദ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ചെറുമകനും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.ജി ദാവൂദ് മിയാഖാനാണ് ഹരജി സമർപ്പിച്ചത്. എം.എൽ.കെ.എസ്.സിയും ഐ.യു.എം.എല്ലും 2011 നവംബറിലാണ് ലയിച്ചത്. ലയനത്തിലൂടെ ഐ.യു.എം.എല്ലിന്റെ ദേശീയ നിലവാരം ഒരു സംസ്ഥാന രാഷ്ട്രീയ പാർട്ടിയുടേതായി കുറഞ്ഞെന്നും അതിനാൽ ലയനം നിയമവിരുദ്ധവുമാണെന്നാണ് മിയാഖാന്റെ വാദം.

അതേസമയം, ഹരജിക്കാരന്റെ എതിർപ്പുകൾ ലയനത്തിന് മുമ്പ് 2011 ൽ തീർപ്പാക്കിയതായി ഇ.സി.ഐ കോടതിയെ അറിയിച്ചു.ഹരജിക്കാരനെ ഐ.യു.എം.എല്ലിൽ നിന്ന് പുറത്താക്കുകയും അംഗമായി തുടരുന്നതിൽ നിന്ന് സിവിൽ കോടതി വിലക്കുകയും ചെയ്തു.

ലയന ഉത്തരവ് 2012ൽ പാസാക്കിയെന്നും ഹർജിക്കാരൻ വൈകിയാണ് കോടതിയെ സമീപിച്ചതെന്നും ഇ.സി.ഐ വ്യക്തമാക്കി. കേസ് ആഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ പ്രമോദ് കുമാർ ദുബെ, അഭിഭാഷകരായ ജി. പ്രിയദർശിനി, രാഹുൽ ശ്യാം ഭണ്ഡാരി എന്നിവർ മിയാഖാനുവേണ്ടി ഹാജരായി. അഭിഭാഷകൻ സിദ്ധാന്ത് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here