മസ്‌കത്ത്: ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമായേക്കും. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. ജി.സി.സി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ആഭ്യന്തരമന്ത്രിമാർ കഴിഞ്ഞ നവംബറിലാണ് അംഗീകാരം നൽകിയത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങി ആറ് രാജ്യങ്ങളിലെ താമസക്കാർക്കും പൗരന്മാർക്കും 30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’ എന്ന് പേരിലായിരിക്കും അറിയുക.
മൾട്ടി എൻട്രി അനുവദിക്കുന്നതായിരിക്കും വിസ. വിസ പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ കൂടുതൽ ആകർഷിക്കും. ഹോട്ടൽ അതിഥികളുടെ എണ്ണം വർധിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യും.
ഗൾഫ് രാജ്യങ്ങൾ വലിയ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുമായും കമ്പനികളുമായും ചേർന്ന് മുഴുവൻ പ്രദേശത്തിനും അനുഗുണമായ പാക്കേജുകൾ പുറത്തിറക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകൾ കാരണം ശ്രദ്ധാപൂർവ്വം പരിഗണിച്ചായിരിക്കും ഇവ നടപ്പിൽ വരികയെന്നും അധികൃതർ വ്യക്തമാക്കി.
ഷെൻഗെൻ വിസ മോഡലിൽ ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി.