ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

0
239

ദില്ലി: രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ഇത്തവണ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ എണ്ണം 400ന് താഴെയായി. 543 അംഗ ലോക്‌സഭയിലേക്ക് 328 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കുന്നത്.

2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 421 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. 2014ല്‍ 464 ഉം, 2009ല്‍ 440 ഉം സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു. 2004ല്‍ 417 സ്ഥാനാര്‍ഥികളുണ്ടായിരുന്നു കോണ്‍ഗ്രസിന്. 421 സ്ഥാനാര്‍ഥികളെ ഇറക്കിയിട്ടും 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 52 പേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. 2014ല്‍ 44 ഉം, 2009ല്‍ 206 ഉം, 2004ല്‍ 145 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയായ ‘ഇന്ത്യാ മുന്നണി’യുടെ ഭാഗമാണ് എന്നതിനാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ഇത്തവണ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. 2019 പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച 101 സീറ്റുകളാണ് ഇത്തവണ ഇന്ത്യാ മുന്നണിയിലെ സഖ്യ കക്ഷികള്‍ക്ക് നല്‍കേണ്ടിവന്നത്.

ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്‌ചകള്‍ വേണ്ടിവന്നു. ഈ നാല് സംസ്ഥാനങ്ങളിലുമായി ആകെ 201 പാര്‍ലമെന്‍റ് സീറ്റുകളുണ്ട്. ഒരാള്‍ മാത്രമാണ് സംസ്ഥാനത്ത് നിന്ന് വിജയിച്ചതെങ്കിലും 2019ല്‍ യുപിയിലെ 80ല്‍ 67 സീറ്റുകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവയില്‍ ഭൂരിഭാഗവും പ്രാദേശിക കരുത്തരായ എസ്‌പിക്ക് കൈമാറേണ്ടിവന്നു. റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍ 48ല്‍ 17 ഉം സീറ്റുകളിലേ കോണ്‍ഗ്രസ് മത്സരിക്കുന്നുള്ളൂ. സമാനമായി ദില്ലി, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സീറ്റുകള്‍ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് കൈമാറിയിട്ടുണ്ട്.

മുന്നണി രാഷ്ട്രീയത്തിന്‍റെ കാലഘട്ടം എന്നറിയപ്പെടുന്ന 1989നും 1999നും ഇടയിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 450ലേറെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here