അമ്പതോളം അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം; ആശ്വാസ വാർത്ത

0
72

ദില്ലി: അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം. ഹൃദ്രോഗം മുതൽ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകൾക്കും കേന്ദ്രം വില കുറച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്.

മൾട്ടിവിറ്റാമിനുകൾക്കും ആൻറിബയോട്ടിക്കുകൾക്കും വില കുറച്ചിട്ടുണ്ട്. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കരൾ പ്രശ്നങ്ങൾ, ആൻ്റാസിഡുകൾ, അണുബാധകൾ, അലർജികൾ മുതലായവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്.

വിലയിലെ വ്യത്യാസം

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കൂടുമ്പോൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഡാപാഗ്ലിഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡിൻ്റെ വില ഒരു ടാബ്‌ലെറ്റിന് 30 രൂപയിൽ നിന്ന് 16 രൂപയായി കുറച്ചു. ആസ്മയ്ക്കുള്ള മരുന്നായ ബുഡെസോണൈഡും ഫോർമോട്ടെറോളും ഒരു ഡോസിന് 6.62 രൂപയായി കുറച്ചു. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോത്തിയാസൈഡ് ടാബ്‌ലെറ്റിന്റെ വില 11.07 രൂപയിൽ നിന്ന് 10.45 രൂപയായി കുറച്ചു.

2024 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 923 ഷെഡ്യൂൾഡ് ഡ്രഗ് ഫോർമുലേഷനുകൾക്കും 65 കോമൺ ഫോർമുലേഷനുകൾക്കുമുള്ള പുതിയ വിലകൾ കേന്ദ്രം പ്രഖ്യാപിച്ചു. പെയിൻകില്ലർ ഡിക്ലോഫെനാക്കിൻ്റെ പുതിയ വില ഒരു ടാബ്‌ലെറ്റിന് 2.05 രൂപയും ഇബുപ്രോഫെൻ ഗുളികകളുടെ വില 200 മില്ലിഗ്രാമിന് 0.71 രൂപയുമാണ്. ആൻറിബയോട്ടിക് അസിത്രോമൈസിൻ 250 മില്ലിഗ്രാം, 500 മില്ലിഗ്രാം ഗുളികകൾക്ക് യഥാക്രമം 11.65 രൂപയും 23.57 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്, ആൻറി ബാക്ടീരിയൽ ഡ്രൈ സിറപ്പുകളായ അമോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവ ഇപ്പോൾ ഒരു മില്ലി ലിറ്ററിന് 2.05 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here