മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിലെ തിരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ സിസിടിവികൾ മനഃപൂർവ്വം ഓഫ് ചെയ്തുവെന്ന ആരോപണവുമായി എൻസിപി നേതാവും ബാരാമതി ലോക്സഭാ സ്ഥാനാർഥിയുമായ സുപ്രിയ സുലെ. 45 മിനുറ്റുകളോളം സിസിടിവികൾ പ്രവർത്തിച്ചില്ല എന്ന ആരോപണമാണ് സുപ്രിയ ഉയർത്തുന്നത്. ക്യാമറകൾ ഓഫ് ചെയ്തതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ മറുപടി നൽകിയില്ലെന്നും സുപ്രിയ പറഞ്ഞു.
ഇവിഎമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിലെ ക്യാമറ 45 മിനിറ്റ് ഓഫ് ചെയ്ത് വെച്ചു. സ്ട്രോങ്ങ് റൂം പോലെയുള്ള അതീവ സുരക്ഷാ ആവശ്യമുള്ള സ്ഥലങ്ങളിലെ ക്യാമറ ഓഫ് ചെയ്ത് വെക്കുന്നത് സംശയാസ്പദമാണ്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉടനടി വിശദീകരണം തേടണമെന്നും സുപ്രിയ എക്‌സിൽ കുറിച്ചു. സിസി ടിവി ക്യാമറകൾ പ്രവർത്തന രഹിതമായി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സുപ്രിയ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടമായ മെയ് ഏഴിനായിരുന്നു ബാരാമതിയിൽ വോട്ടെടുപ്പ് നടന്നത്.