എക്‌സ്പ്രസ്‌വേയിൽ യു-ടേണെടുത്ത ട്രക്കിൽ കാർ ഇടിച്ചുകയറി; കുടുംബത്തിലെ ആറുപേർ മരിച്ചു | വീഡിയോ

0
253

സവായ് മധോപുര്‍: രാജസ്ഥാനിലെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനിഷ് ശര്‍മ, ഭാര്യ അനിത ശര്‍മ, ഇവരുടെ കുടുംബാംഗങ്ങളായ സതീഷ് ശര്‍മ, പൂനം സന്തോഷ്, സുഹൃത്ത് കൈലാഷ് എന്നിവരാണ് മരിച്ചത്.

സവായ് മധോപുര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മുന്നോട്ടുപോകുകയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ട്രക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഡ്രൈവര്‍ ഒളിവിലാണ്.

എക്‌സ്പ്രസ്‌വേയില്‍ ട്രക്ക് പെട്ടെന്ന് വേഗത കുറയ്ക്കുകയും ഇടത്തേക്ക് തിരിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വേഗത്തില്‍ ട്രക്ക് ഇടത്തേക്ക് തിരിഞ്ഞതിനാല്‍ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താന്‍ സാധിച്ചില്ല. അപകടത്തിന് ശേഷം ട്രക്ക് നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സിക്കാര്‍ ജില്ലയില്‍നിന്ന് രന്തംബോറിലുള്ള ത്രിനേത്ര ഗണേഷ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മരണത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here