ഏകാധിപത്യത്തിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചാണ് അരവിന്ത് കെജ്‌രിവാള്‍ തന്റെ ഇടക്കാല ജാമ്യ നാളുകളിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ കെജ്‌രിവാള്‍ തീര്‍ത്തും നിരപദ്രവകരമായ ഒരു പരാമര്‍ശവും നടത്തി. ബി.ജെ.പിയിലെ വിരമിക്കല്‍ നിയമം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരാമര്‍ശം. ബി.ജെ.പിയില്‍ വിരമിക്കല്‍ പ്രായം 75 ആണെന്നും അതിനാല്‍ അടുത്തവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി പദവിയൊഴിയുമെന്നുമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ തീര്‍ത്തും നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന ആ പരാമര്‍ശം. എന്നാല്‍ സംഗതി തറച്ചിരിക്കുന്നത് ബി.ജെ.പിയുടെ ചങ്കിലാണ്.
ബിജെപിയെ തളര്‍ത്തണമെങ്കില്‍ മോദിയെ തളര്‍ത്തണമെന്ന ബോധ്യത്തിലൂന്നതായിരുന്നു കെജ്‌രിവാളിന്റെ സംസാരം. ‘ഇന്ത്യ മുന്നണിയുടെ മുഖം ആരാണെന്നാണ് ബി.ജെ.പി നേതൃത്വം ചോദിക്കുന്നത്. എന്നാല്‍, ഞാന്‍ ചോദിക്കുന്നു ആരാണ് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. നരേന്ദ്ര മോദിക്ക് അടുത്ത വര്‍ഷം സെപ്റ്റംബര്‍ 17ന് 75 വയസ് തികയുകയാണ്.
നരേന്ദ്ര മോദി തന്നെയുണ്ടാക്കിയ ചട്ടമാണ് 75 കഴിഞ്ഞ നേതാക്കള്‍ വിരമിക്കണമെന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ അങ്ങനെ നിരവധി നേതാക്കളാണ് മോദിയുടെ നിയമപ്രകാരം രാഷ്ട്രീയവനവാസം തേടേണ്ടിവന്നത്. ഈ നിയമപ്രകാരം മോദിയും 75 വയസുകഴിഞ്ഞാല്‍ വിരമിക്കുകയാണ്. ഇപ്പോള്‍ മോദി വോട്ടു ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ്. അമിത് ഷായ്ക്ക് മോദിയുടെ ഗ്യാരന്റികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ? എന്ന ചോദ്യവും കെജ്‌രിവാള്‍ ഉയര്‍ത്തി.
ഏതായാലും കെജ്‌രിവാളിന്റെ പ്രതികരണം വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്കും ഇടയാക്കി. പ്രസംഗം എന്‍.ഡി.എക്കുള്ളിലും പുറത്തും ചര്‍ച്ചയാവുകയും മാധ്യമങ്ങളില്‍ ചൂടേറിയ വാര്‍ത്തയാവുകയും ചെയ്തു. ഒടുവില്‍ കെജ്‌രിവാളിന്റെ പ്രഖ്യാപനം നടന്നു മണിക്കൂറുകള്‍ക്കം പത്രസമ്മേളനം വിളിച്ച് വിശദീകരണം നല്‍കേണ്ടി വന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക്. മോദി തന്നെ 2029ലും പ്രധാനമന്ത്രിയായി തുടരുമെന്നാണ് അമിത്ഷാ നല്‍കിയ വിശദീകരണം.
മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഓഗസ്റ്റിലാണ് മാര്‍ഗനിര്‍ദേശ് മണ്ഡലിന് രൂപംനല്‍കി എല്‍.കെ അദ്വാനി, മുരളീമനോഹര്‍ജോഷി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ 75 വയസ് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി മാറ്റിനിര്‍ത്തിയത്. മുതിര്‍ന്ന നേതാക്കളെ പിന്നീട് ഉപദേശകപദവിയില്‍ നിയമിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധി തടസമല്ലെന്നും 75 കഴിഞ്ഞവരെ മന്ത്രിമാരാക്കേണ്ട എന്നു മാത്രമേ തീരുമാനിച്ചിട്ടുള്ളൂവെന്നുമായിരുന്നു പിന്നീട് ഇതേക്കുറിച്ച് ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത്ഷാ അന്ന് വിശദീകരിച്ചത്. അതേസമയം, 75 കഴിഞ്ഞവരെ മത്സരിപ്പിക്കില്ലെന്ന് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത്ഷാ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതിന് പിന്നാലെ മോദിയും പ്രായവും അമിത് ഷായുടെ പ്രഖ്യാപനവും ആയുധമാക്കാനാണ് ആം ആദ്മി പാര്‍ട്ടി നീക്കം. മോദി ഇനിയും രാഷ്ട്രീയത്തില്‍ തുടര്‍ന്നാല്‍ എന്തിനാണ് പ്രത്യേക നിയമം ഉണ്ടാക്കി നിരവധി ബിജെപി നേതാക്കളെ വെട്ടിനിരത്തിയതെന്നാണ് ചോദ്യം. ഈ ചോദ്യം കൃത്യമായും മോദിയുടെ രാഷ്ട്രീയ നിലപാടുകളില്‍ ചെന്നു തറയ്ക്കുന്നതുമാണ്. സ്വന്തം കാര്യത്തില്‍ നിയമം മടക്കി അലമാരയില്‍ വെക്കുന്നതോടെ അദ്വാനിയും ജോഷിയുമുള്‍പെടെ മുന്‍ നേതാക്കളെ ഒതുക്കുകയായിരുന്നു മോദി നിയമത്തിന്റെ ലക്ഷ്യമെന്ന ആരോപണം അതിശക്തമാകും വരുംദിനങ്ങളില്‍.
പാര്‍ട്ടിയുടെ ഒരുവേദിയിലും ചര്‍ച്ച ചെയ്യാതെയാണ് 75 വയസ് പ്രായപരിധി നടപ്പാക്കിയതെന്ന് ബി.ജെ.പി മുന്‍ നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ഇപ്പോള്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. അ്രത്തരമൊരു ചട്ടം കൊണ്ടുവന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമായി. മോദിക്ക് ചട്ടം ബാധകമല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാര്‍ട്ടിക്ക് ഒരു ചട്ടം ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ബാധകമല്ലേയെന്നുമാണ് സിന്‍ഹയുടെ ചോദ്യം. മോദി കുഴിച്ച് വിരമിക്കല്‍ കുഴിയില്‍ മോദി തന്നെ വീഴുമോ എന്നതാണ് ഇനി അറിയേണ്ടത്.