കുമ്പളയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

0
153

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതായിരുന്നു സന്ദീപ്. തിരികെ തൃശൂരിലേക്ക് കുമ്പളയില്‍ നിന്നാണ് ലോഡ് എടുക്കേണ്ടിയിരുന്നത്. രാത്രി വൈകിയതിനാല്‍ ലോഡെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കുമ്പള ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ടാണ് സന്ദീപ് കൂത്തുപറമ്പിലേക്ക് പോയത്.

തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ലോറിയുടെ രണ്ടു ബാറ്ററികള്‍ ഊരിയെടുത്ത സംഘം അകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ടാര്‍ പോളകളും കൈക്കലാക്കി. പിന്നീട് ടാങ്കിന്റെ പൂട്ടു തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്താണ് കവര്‍ച്ചക്കാര്‍ മടങ്ങിയത്. മോഷ്ടാക്കളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here