ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

0
169

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്.

എന്നാൽ, ചായയും കാപ്പിയും അമിതമായി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.ഐം.ആർ). ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രു​ന്ന​തി​ന് വേണ്ടി പു​തി​യ ഭ​ക്ഷ​ണ​ക്ര​മ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഐ​.സി​.എം.​ആ​ർ ഈയിടെ പു​റ​ത്തു​വി​ട്ടിരുന്നു. അതിലാണ് ചായയും കാപ്പിയും അമിതമാകരുതെന്ന നിർദേശമുള്ളത്.

ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ഘടകമായ കഫീൻ ആണ് പലപ്പോഴും വില്ലനാകുന്നത്. കഫീന് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അത് വഴി ഉന്മേഷം നൽകാനുമുള്ള ശേഷിയുണ്ട്. എന്നാൽ, ഉന്മേഷത്തിന് വേണ്ടി എപ്പോഴും ചായയോ കാപ്പിയോ കുടിക്കുന്നത് ഇവയ്ക്ക് അടിമയാകുന്ന വിപരീത സാഹചര്യമാണുണ്ടാക്കുക.

150 മില്ലി ലിറ്റർ കാപ്പിയിൽ 80 മുതൽ 120 മില്ലി ഗ്രാം വരെയാണ് കഫീൻ അടങ്ങിയിട്ടുണ്ടാവുക. ഇൻസ്റ്റന്‍റ് കാപ്പിയിൽ ഇത് 50-65 മില്ലി ഗ്രാം ആയിരിക്കും. ചായയിലാകട്ടെ ഇത് 30 മുതൽ 65 മില്ലി ഗ്രാം വരെയുമാണ്. ദിവസം 300 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് ദോഷം ചെയ്യില്ല. പക്ഷേ, അതിലേറെയാകുമ്പോൾ ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പോ ശേഷമോ കാപ്പിയോ ചായയോ കുടിക്കരുതെന്നും ഐ.സി.എം.ആർ പറയുന്നു. ഇവയിലടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമായ ടാനിൻ കാരണമാണിത്. ടാനിന്‍റെ സാന്നിധ്യം ഭക്ഷണത്തിൽ നിന്ന് ശരീരം ഇരുമ്പിനെ സ്വാംശീകരിക്കുന്നത് തടയുന്നുണ്ട്. ജൈവതന്മാത്രയായ ടാനിൻ ഭക്ഷണത്തിലെ ഇരുമ്പുമായി കൂടിച്ചേരും. ഇതോടെ ശരീരത്തിന് ഇരുമ്പ് ആഗിരണം ചെയ്യാൻ കഴിയാതാകും. ഇത് ഇരുമ്പുസത്ത് കുറയുന്നതിനും അതുവഴി വിളർച്ച പോലുള്ള അസുഖങ്ങൾക്കും കാരണമാവും. അമിതമായ കാപ്പികുടി ഉയർന്ന രക്തസമ്മർദത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുമെന്ന് ഐ.സി.എം.ആർ മാർഗനിർദേശത്തിൽ പറയുന്നു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ലെ 56.4 ശ​ത​മാ​നം രോ​ഗ​ങ്ങ​ളും അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ല​ത്തി​ൽ​നി​ന്നു​ണ്ടാ​കു​ന്ന​താ​ണെ​ന്നാണ് ഐ.സി.എം.ആർ റിപ്പോർട്ടിൽ പറയുന്നത്. പ​ഞ്ച​സാ​ര​യും ഉ​പ്പും നി​യ​ന്ത്രി​ക്കു​ക, പ്രോ​ട്ടീ​ൻ സ​പ്ലി​മെ​ന്‍റു​ക​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യതാണ് ഐ.സി.എം.ആർ പുറത്തിറക്കിയ പു​തി​യ ഭ​ക്ഷ​ണ​ക്ര​മം.

പാ​ച​ക എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​നും പ​ക​രം പ​രി​പ്പ്, എ​ണ്ണ​ക്കു​രു, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഫാ​റ്റി ആ​സി​ഡു​ക​ൾ നേ​ടാ​നും റി​പ്പോ​ർ​ട്ട് ശി​പാ​ർ​ശ ചെ​യ്യു​ന്നു. പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും അ​ട​ങ്ങി​യ സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന ഉ​പ​ഭോ​ഗം, ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വം, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ​രി​മി​ത​മാ​യ ല​ഭ്യ​ത എ​ന്നി​വ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ൽ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റു​ക​ളു​ടെ കു​റ​വി​നും അ​മി​ത​ഭാ​ര പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​താ​യി ഐ.​സി​.എം.​ആ​ർ വ്യ​ക്ത​മാ​ക്കി.

ഉ​പ്പ് ക​ഴി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നും എ​ണ്ണ​ക​ളും കൊ​ഴു​പ്പും മി​ത​മാ​യ അ​ള​വി​ൽ ക​ഴി​ക്കാ​നും ശ​രി​യാ​യ വ്യാ​യാ​മം ചെ​യ്യാ​നും പ​ഞ്ച​സാ​ര​യും അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ളും കു​റ​യ്ക്കാ​നും ഐ.​സി​.എം.​ആ​ർ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here