ചീഫ് സെലക്ടറെയും മുഖ്യ പരിശീലകനെയും ഗ്രൗണ്ടിലിറക്കി ഓസീസ്, 11 പേരെ തികക്കാന്‍ ആളില്ല

0
158

ട്രിനിഡാഡ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നമീബിയക്കെതിരെ ഫീല്‍ഡിംഗിനിറക്കാൻ 11 പേരില്ലാത്തതിനാല്‍ ടീമിന്‍റെ ചീഫ് സെലക്ടറും മുന്‍ നായകനുമായ ജോര്‍ജ് ബെയ്‌ലിയെയും ഫീല്‍ഡിംഗ് കോച്ച് ആന്ദ്രെ ബോറോവെക്കിനെയും ഫീല്‍ഡിംഗിനിറങ്ങി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറും ബാറ്റ് ചെയ്തതിനാല്‍ ഇടക്ക് മുഖ്യ പരിശീലകന്‍ ആഡ്ര്യു മക്‌ഡൊണാള്‍ഡിനും ബാറ്റിംഗ് കോച്ച് ബ്രാഡ് ഹോഡ്ജിനും ഫീല്‍ഡിംഗിനായി ഇറങ്ങേണ്ടിവന്നു. ബെയ്‌ലിയും ബോറോവെക്കും 20 ഓവറും ഓസീസിനായി ഫീല്‍ഡ് ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് നേരിയ പേശിവലിവിനെത്തുടര്‍ന്ന് ഇടക്ക് കയറിപ്പോയതോടെയാണ് മക്‌‍ഡൊണാള്‍ഡും ഹോഡ്ജും മാറി മാറി ഫീല്‍ഡിംഗിന് ഇറങ്ങേണ്ടിവന്നത്.

ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലുള്ള ഐപിഎല്‍ താരങ്ങളാരും ഇതുവരെ ടീമിനൊപ്പ ചേര്‍ന്നിട്ടില്ല. ഓസ്ട്രേലിയയുടെ 15 അംഗ ലോകകപ്പ് ടീമിലുള്ള ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സ്, ട്രാവിസ് ഹെഡ്, കൊല്‍ക്കത്ത താരം മിച്ചല്‍ സ്റ്റാര്‍ക്ക്, എന്നിവര്‍ക്ക് പുറമ ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബികായി കളിച്ച ഗ്ലെൻ മാക്സ്‌വെൽ, കാമറൂണ്‍ ഗ്രീൻ  ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരമായിരുന്ന മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരാരും ഇതുവരെ ഓസീസ് ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. 15 അംഗ ടീമിലെ ആറ് പേര്‍ ടീമിനൊപ്പം ഇല്ലതിരുന്നതാണ് നമീബിയക്കെതിരെ 11 പേരെ ഇറക്കാന്‍ ഓസീസിന് കഴിയാതിരുന്നത്. ടീമിലെ റിസര്‍വ് താരങ്ങളായ ജേക് ഫ്രേസര്‍ മക്‌ഗുര്‍കും മാറ്റ് ഷോര്‍ട്ടും ജൂണ്‍ അഞ്ചിനുശേഷം മാത്രമെ ഓസീസ് ടീമിനൊപ്പം ചേരു. സന്നാഹ മത്സരമായതിനാല്‍ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പകരം കളിക്കാനിറങ്ങാന്‍ ഐസിസി അനുമതിയുള്ളതിനാലാണ് ചീഫ് സെലക്ടറും മുഖ്യ പരിശീലകനുമെല്ലാം ഫീല്‍ഡിംഗിന് ഇറങ്ങിയത്.

ട്രിനിഡാഡില്‍  ഇന്നലെ നടന്ന മത്സരത്തില്‍ നമീബിയയെ ഏഴ് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എടുത്തു. 30 പന്തില്‍ 38 റണ്‍സെടുത്ത സെയ്ന്‍ ഗ്രീന്‍ ആണ് നമീബിയയുടെ ടോപ് സ്കോറര്‍. ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹേസല്‍വുഡ് രണ്ട് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 21 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 10 ഓവറില്‍ ലക്ഷ്യത്തിലെത്തിയത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്(18), ടിം ഡേവിഡ്(23), മാത്യു വെയ്ഡ്(12) എന്നിവര്‍ ഓസീസിനായി തിളങ്ങിയപ്പോള്‍ ജോഷ് ഇംഗ്ലിസ്(5) നിരാശപ്പെടുത്തി.

ജൂണ്‍ ആറിന് ഒമാനെതിരെയാണ് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ആദ്യ മത്സരം. എട്ടിന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ഓസീസ് നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here