വിവാഹ വേദിയിലെത്തി വധുവിന് സമ്മാനം നൽകി, വരനെ കത്തികൊണ്ട് കുത്തി; അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ (വീഡിയോ)

0
227

ജയ്പൂർ: വിവാഹ പന്തലിലെത്തി വരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അധ്യാപകനും സുഹൃത്തുക്കളും അറസ്റ്റിൽ. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ ഉഞ്ച ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വിവാഹത്തിനെത്തിയ അധ്യാപകൻ സ്റ്റേജിലെത്തി വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. എന്നാൽ തലപ്പാവ് ധരിച്ച വരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മെയ് 12നാണ് സംഭവം.

കൃഷ്ണ- മഹേന്ദ്ര എന്നിവരുടെ വിവാഹാഘോഷ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വിവാഹ വേദിയിലെത്തിയ ഉഞ്ച സ്വദേശിയായ ശങ്കർലാൽ ഭാരതി സ്റ്റേജിലെത്തി വധുവിന് സമ്മാനം നൽകുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തുടർന്ന് വരനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ വധുവും ബന്ധുക്കളും ആക്രമണത്തെ തടഞ്ഞു. ഇത് സംഘർഷത്തിലേക്ക് നയിച്ചതോടെ കല്യാണ വേദിയിലേക്ക് പൊലീസ് എത്തുകയും പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു. പൊലീസ് എത്തിയതോടെ പ്രതികളും കൂട്ടാളികളും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. വരനെ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിട്ടുണ്ട്. ഇയാൾ സ്റ്റേജിലെത്തുന്നതും സമ്മാനം നൽകുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.

ശങ്കർലാലും വധു കൃഷ്ണയും മുമ്പ് സർക്കാർ പ്രൈമറി സ്‌കൂളിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നവെന്നും ഇതാണ് വിവാഹവേദിയിലേക്കെത്തിച്ച ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തിൽ ശങ്കർലാൽ ഭാരതിയേയും സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തു. പ്രതികളെ പൊലീസ് റിമാന്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here