ബാബരിക്കും ഗ്യാന്‍വാപിക്കും മഥുരക്കും പിന്നാലെ അജ്മീര്‍ മസ്ജിദില്‍ കണ്ണുവച്ച് സംഘ്പരിവാര്‍

0
170

ജയ്പൂര്‍: അയോധ്യയിലെ ബാബരി മസ്ജിദ്, വരണാസിയിലെ ഗ്യാന്‍വാപി, മഥുരയിലെ ഷാഹി ഈദ് ഗാഹ് തുടങ്ങിയ പള്ളികള്‍ക്ക് പിന്നാലെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഖുതുബുദ്ദീന്‍ ഐബക് സ്ഥാപിച്ച അജ്മീരിലെ അധൈ ദിന്‍ കാ ജൊന്‍പുരി പള്ളിക്ക് മേലും കണ്ണുവച്ച് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായി ജൈനസന്യാസിമാര്‍ക്കൊപ്പം പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ച സംഘ്പരിവാര്‍ സംഘടനകള്‍, ഇവിടെ ക്ഷേത്രവും സംസ്‌കൃത സ്‌കൂളും നിലനിന്നിരുന്നതായും അതുതകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചു.

ജൈന സന്യാസി സുനില്‍ സാഗര്‍ മഹാരാജിനൊപ്പമാണ് രാജസ്ഥാനിലെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കള്‍ പ്രദേശം സന്ദര്‍ശിച്ചത്. ‘ഗണേശ് ജിയുടെയോ യക്ഷന്റെയോ സാദൃശ്യമുള്ള തീര്‍ത്ഥങ്കരന്മാരുടെയും ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഞങ്ങള്‍ കണ്ടു. താക്കോല്‍ ഇല്ലാത്തതിനാല്‍ ഈ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളിലേക്ക് ഞങ്ങള്‍ക്ക് കയറാന്‍ കഴിഞ്ഞില്ല. മുഗളന്മാര്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന കാലത്ത് അവര്‍ പഴയ ഘടന മാറ്റുകയായിരുന്നു. അവിടെ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ ഒരിക്കല്‍ കൂടി സംസ്‌കൃത സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുനില്‍ സാഗര്‍ ആവശ്യപ്പെട്ടു.

സ്മാരകത്തിന് സമീപം കൂടുതല്‍ വിഗ്രഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവ കണ്ടെത്തുന്നതിന് ഖനനം നടത്തണം. എല്ലാവരും സമാധാനത്തോടെ ജീവിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാവരും പരസ്പരം സംസ്‌കാരത്തെ ബഹുമാനിക്കണം. ഈ പ്രദേശം ആര്‍ക്കുള്ളതാണോ അത് തിരികെ നല്‍കണം- സാഗര്‍ ആവശ്യപ്പെട്ടു.

അധൈ ദിന്‍ കാ ജൊന്‍പുരി പള്ളി നിലവില്‍ പുരാവസ്ഥുവകുപ്പിന് കീഴിലാണ്. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താനായ ഖുതുബുദ്ദീന്‍ ഐബക്ക് എ.ഡി 1199ല്‍ പണികഴിപ്പിച്ച മസ്ജിദാണിതെന്നും 1213ല്‍ സുല്‍ത്താന്‍ ഇല്‍തുത്മിഷ് കൊത്തുപണികളാല്‍ ഇത് മനോഹരമാക്കിയെന്നുമാണ് ഇതേക്കുറിച്ച് പുരാവസ്ഥുവകുപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. അജ്മീരിലെ ഏറ്റവും പഴക്കംചെന്ന നിര്‍മിതിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here