ഈറോഡ്: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂര്‍ ചെട്ടിപ്പാളയത്തിലാണ് സംഭവം. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭക്തര്‍ 20 ആടുകളെ നേര്‍ച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു.
ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാര്‍ വാഴപ്പഴത്തില്‍ ചേര്‍ത്തു കഴിക്കുന്നതു ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.ചടങ്ങിനിടെ പളനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ ക്ഷേത്ര ഭാരവാഹികള്‍ ഗോപിച്ചെട്ടിപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.25 വര്‍ഷമായി ഇവിടെ പൂജാരിയാണ് പളനി സാമി. മറ്റു സമയങ്ങളില്‍ വാന്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഉത്സവം കാലാകാലങ്ങളില്‍ നടക്കുന്നുണ്ട്. തിരുച്ചി പുത്തൂരിലെ ഗുരുമയി അമ്മന്‍ ക്ഷേത്രത്തില്‍ വര്‍ഷം തോറും മാസത്തില്‍ നടക്കുന്ന ഏറ്റവും പ്രശസ്തമായ ഉത്സവമാണ് കുറ്റിക്കുടി ഉത്സവം. ആടിന്റെ ചോര വെള്ളി പാത്രത്തില്‍ എടുത്ത് പൂജാരി കുടിക്കും. ഈ ആചാരം ട്രിച്ചിയില്‍ വളരെ ജനപ്രിയമാണ്.