ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

0
326

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത താരത്തെ നവംബറില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബറിലെ ടീം ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് മുമ്പ് വർക്ക് ലോഡ് വർധിപ്പിച്ച് താരത്തെ സജ്ജമാക്കാനാണ് പദ്ധതി. പരിക്ക് മാറിയാല്‍ ഇന്ത്യന്‍ എ ടീമിനൊപ്പം മായങ്ക് യാദവിന് ഓസ്ട്രേലിയയിലെ മത്സരങ്ങളില്‍ അവസരം നല്‍കും. ഇതിന് ശേഷമാകും സീനിയർ ടീമിനൊപ്പം ഓസീസ് പര്യടനത്തിന് താരത്തെ പരിഗണിക്കുക.

ഐപിഎല്‍ 2024 സീസണിലെ കണ്ടെത്തലുകളിലൊന്നാണ് ലഖനൗ സൂപ്പർ ജയന്‍റ്സിന്‍റെ 21 വയസുകാരനായ മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പുള്ള താരം. ഐപിഎല്‍ 2024 സീസണില്‍ താരമായ മായങ്ക് നിലവില്‍ പരിക്കിന്‍റെ പിടിയിലാണ്. താരം വിദഗ്ധ പരിശീലനത്തിനും ചികില്‍സയ്ക്കുമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകും എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. ഐപിഎല്ലിന്‍റെ ഈ സീസണിനിടെ രണ്ടുതവണ പരിക്ക് താരത്തെ പിടികൂടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ഒരോവർ എറിഞ്ഞ ശേഷം മടങ്ങിയ താരത്തിന് പിന്നീടുള്ള അഞ്ച് കളികളില്‍ പുറത്തിരിക്കേണ്ടിവന്നു. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച തിരിച്ചെത്തിയെങ്കിലും 3.1 ഓവർ എറിഞ്ഞ ശേഷം ഡ്രസിംഗ് റൂമിലേക്ക് തിരികെ പോകേണ്ടിവന്നു.

വേഗവും കൃത്യതയുമുള്ള മായങ്ക് യാദവിനെ ദേശീയ ടീമിലേക്ക് ഉടന്‍ വിളിക്കണം എന്ന് മുന്‍ താരങ്ങള്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിക്ക് വെല്ലുവിളിയായതിനാല്‍ തിരക്കുപിടിക്കാതെ സാവധാനം വർക്ക് ലോഡ് ഉയർത്തി സീനിയർ ടീമിലേക്ക് താരത്തെ എത്തിക്കാനാണ് സെലക്ടർമാരുടെ പദ്ധതി. ഈ വർഷം ആദ്യം തുടങ്ങിയ നാഷണല്‍ ഫാസ്റ്റ് ബൗളിംഗ് കോണ്‍ട്രാക്റ്റിലേക്ക് മായങ്കിനെ കൊണ്ടുവരുന്ന കാര്യം സെലക്ടർമാർ ചർച്ച ചെയ്യുന്നതായാണ് സൂചന. ഇതിന്‍റെ ഭാഗമായി ഐപിഎല്‍ തീർന്നയുടനെ താരത്തെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയക്കും. റണ്ണിംഗ് അടക്കം താരത്തിന്‍റെ ബൗളിംഗില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനുണ്ട് എന്നാണ് നിഗമനം. പരിക്ക് പറ്റാനുള്ള സാധ്യതകള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവംബറിലെ ഓസീസ് പര്യടനത്തിന് മുമ്പ് ജൂണിലോ ജൂലൈയിലോ എ ടീമിനൊപ്പം കങ്കാരുക്കളുടെ നാട്ടിലേക്ക് അയച്ച് മായങ്കിനെ വളർത്തിയെടുക്കാനും സെലക്ടർമാർ പദ്ധതിയിടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here