ജിമ്മില്‍ പോകാതെ മൂന്ന് മാസം കൊണ്ട് കുറച്ചത് 14 കിലോ; ഭാരം കുറച്ചത് ഇങ്ങനെ, ടിപ്സ് പങ്കുവച്ച് 47കാരന്‍

0
243

അമിത വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് പലരും. ഇവിടെയിതാ 47കാരനായ സഞ്ജയ് കുമാർ സുമൻ എന്ന ബാങ്കർ ജിമ്മില്‍ പോകാതെ തന്നെ മൂന്ന് മാസം കൊണ്ട് കുറച്ച് 14 കിലോയാണ്.  82 കിലോഗ്രാം ഭാരത്തിൽ നിന്ന് വെറും 3 മാസത്തിനുള്ളിൽ 14 കിലോഗ്രാം കുറഞ്ഞു എന്നാണ് സഞ്ജയ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 68 കിലോയാണ് സഞ്ജയുടെ ഇപ്പോഴത്തെ ഭാരം.

തൈറോയ്ഡ്, ഫാറ്റി ലിവർ, കൊളസ്‌ട്രോൾ, മൈഗ്രേയ്ൻ, കടുത്ത അലർജി പ്രശ്‌നങ്ങൾ തുടങ്ങി പ്രമേഹം വരെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് ശരീരഭാരം കുറയ്ക്കാന്‍ സഞ്ജയ് തീരുമാനിച്ചത്. തന്‍റെ ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും  മൂലമാണ് തൈറോയ്ഡ്,  പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ പിടിപ്പെട്ടത് എന്നാണ് സഞ്ജയ് തന്നെ പറയുന്നത്.

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിച്ചുകൊണ്ടാണ് തന്‍റെ പ്രഭാത ദിനചര്യ ആരംഭിക്കുന്നത് എന്നാണ് സഞ്ജയ് പറയുന്നത്.  ശേഷം 20 മിനിറ്റ് നടക്കും.  പഞ്ചസാര, ശുദ്ധീകരിച്ച മാവ്, എണ്ണമയമുള്ള ഭക്ഷണങ്ങള്‍, സ്ട്രീറ്റ് ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഭക്ഷണങ്ങള്‍ തുടങ്ങിയ എല്ലാ മോശം ഭക്ഷണങ്ങളും ഒഴിവാക്കി. മദ്യപാനം, പുകവലി മുതലായവയും ഒഴിവാക്കി.  80% ഭക്ഷണക്രമവും 20% വ്യായാമങ്ങളും ജീവിതത്തിന്‍റെ ഭാഗമാക്കി. കുറഞ്ഞത് മുക്കാൽ ലിറ്റർ വെള്ളം എങ്കിലും ദിവസവും കുടിക്കുമെന്നും അദ്ദേഹം പറയുന്നു.

പച്ചക്കറികളും പഴങ്ങളും പ്രോട്ടീനും അടങ്ങിയതായിരുന്നു ഡയറ്റ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ വിശപ്പ് കൂട്ടുമെന്നും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും സഞ്ജയ് ഓര്‍മ്മിക്കുന്നു. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീന്‍ ധാരാളം ഉള്‍പ്പെടുത്തിയിരുന്നതായും അദ്ദേഹം പറ‍ഞ്ഞു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു പ്ലേറ്റ്  പച്ചക്കറികൾ കഴിക്കാറുണ്ടായിരുന്നു എന്നും അത് വിശപ്പ് കുറയ്ക്കാന്‍ സഹായിച്ചുവെന്നും സഞ്ജയ് പറഞ്ഞു. ഫിറ്റ്‌നസ് എന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നിങ്ങളെ വിവിധ ജീവിതശൈലി രോഗങ്ങളിൽ നിന്ന് അകറ്റുക എന്നതു കൂടിയാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here