വിവാഹച്ചടങ്ങിനിടെ കുഞ്ഞിനെ മറന്നു; കാറിനുള്ളില്‍ അകപ്പെട്ട മൂന്നുവയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

0
255

കോട്ട (രാജസ്ഥാന്‍): അടച്ചിട്ട കാറിലിരുന്ന് ശ്വാസം മുട്ടി മൂന്നു വയസ്സുകാരി മരിച്ചു. വിവാഹത്തിന് പങ്കെടുക്കാനായെത്തിയ മാതാപിതാക്കള്‍ കാറിൽ കുട്ടിയുണ്ടെന്നറിയാതെ കാർ അടച്ചു പോയതിനെ തുടര്‍ന്നാണ് ദാരുണമായ സംഭവമുണ്ടായത്‌. രാജസ്ഥാനിലെ കോട്ട സ്വദേശിയായ ഗോർവിക നഗറാണ് ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ മരിച്ചത്.

രണ്ട് പെണ്‍മക്കളോടൊപ്പമാണ്‌ മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്‌. കുട്ടിയുടെ അമ്മ മൂത്ത മകളുമായി കാറിന് പുറത്തിറങ്ങി. ഇരുവരും കാറില്‍ നിന്നിറങ്ങിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ അച്ഛന്‍ എല്ലാവരും കാറില്‍ നിന്നിറങ്ങി എന്ന് തെറ്റിദ്ധരിച്ച്‌ കാര്‍ പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിവാഹചടങ്ങില്‍ പങ്കെടുത്ത മാതാപിതാക്കള്‍ രണ്ടു മണിക്കൂര്‍ പലരുമായി സംസാരിച്ചുനിന്നു. ഏറെ നേരം കഴിഞ്ഞ് രണ്ട് പേരും ഒരുമിച്ചായപ്പോഴാണ്‌ ഗോര്‍വികയെ പറ്റി പരസ്പരം അന്വേഷിക്കുന്നത്. വിവാഹസ്ഥലത്ത് പലയിടത്തും അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല.

ഒടുവില്‍ കാര്‍ പരിശോധിക്കുമ്പോഴാണ് മകളെ അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തുന്നത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here