ബാലകൃഷ്ണൻ പെരിയയുടെ ആരോപണം തെളിഞ്ഞാൽ ഞാന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

0
133

കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയ്ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാനയിൽ നിൽക്കുമ്പോൾ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോൺഗ്രസ് നേതാക്കൾ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു. താൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിക്കില്ലെന്നും സ്വബോധത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

കാസർകോട്ടെ കോൺഗ്രസുകാരുടെ വികാരമാണ് പ്രകടിപ്പിച്ചത്. ഡിസിസി ഉൾപ്പെടെയുള്ളവർ തനിക്കൊപ്പമുണ്ട്. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. അന്വേഷണ കമ്മീഷനെ വെച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും പറയുന്നില്ല. ബാലകൃഷ്ണൻ പെരിയ മോശമായി പെരുമാറിയവർ എല്ലാം കമ്മീഷന് മുന്നിൽ മൊഴി നൽകും. എല്ലാ തെളിവുകളും കയ്യിലുണ്ട്. ബാലകൃഷ്ണൻ പെരിയ എന്തിനാണ് പ്രകോപിതനാവുന്നത് എന്നറിയില്ലെന്നും രാജ്‌ മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

താൻ ജയിച്ചാൽ ദേശാഭിമാനി പ്രിന്റിംഗ് നിർത്തണമെന്ന വെല്ലുവിളിയും രാജ്‌ മോഹൻ ഉണ്ണിത്താൻ നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തു വരും. തന്നെ തോൽപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ചില പൊടിക്രിയകൾ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

പെരിയ കൊലപാതകക്കേസ് പ്രതി മണികണ്ഠനുമായി രാജ്മോഹന്‍ ഉണ്ണിത്താൻ സൗഹൃദം പങ്കിട്ടെന്നായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം. തന്നെ പരാജയപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചെന്നും രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണൻ പെരിയ ‍പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here