നിങ്ങളുടെ മക്കളുടെ സ്വത്ത് കോൺഗ്രസ് മുസ്ലിംകൾക്ക് നൽകും; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

0
158

ദില്ലി: പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്നലെയാണ് ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഠാക്കൂറിന്റെ വിവാദ പരാമർശം ഉണ്ടായത്. മോദിയുടെ വിദ്വേഷ പരാമർശത്തിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അനുരാഗ് ഠാക്കൂറിന്റെ പരാമർശവും ഉണ്ടായത്.

“കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ കോൺഗ്രസിൻ്റെ കൈയ്ക്കൊപ്പം, നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാനും, രാജ്യത്തിൻ്റെ ആണവായുധങ്ങൾ അവസാനിപ്പിക്കാനും, ജാതി-മതത്തിന്റേയും പ്രാദേശികതയുടെ അടിസ്ഥാനത്തിലും രാജ്യത്തെ ഭിന്നിപ്പിക്കാനും ആഗ്രഹിക്കുന്ന വിദേശശക്തികളുടെ കൈകളും ദൃശ്യമാണ്. ‘തുക്‌ഡെ-തുക്‌ഡെ സംഘം കോൺഗ്രസിനെ പൂർണ്ണമായും വളയുകയും അവരുടെ ആശയങ്ങൾ ഹൈജാക്ക് ചെയ്യുകയും ചെയ്തുവെന്നും ഠാക്കൂർ പറഞ്ഞു.

കോൺഗ്രസിൻ്റെ ‘തുക്‌ഡെ-തുക്‌ഡെ’ സംഘത്തോടൊപ്പമാണോ അതോ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്നതിൽ വിശ്വസിക്കുന്ന നരേന്ദ്ര മോദിയുടെ കൂടെയാണോ പോകേണ്ടത് എന്ന് നിങ്ങൾ തീരുമാനിക്കണം. കുട്ടികളുടെ സ്വത്ത് അവരുടെ പക്കലായിരിക്കണമോ അതോ അത് മുസ്ലീംകൾക്ക് നൽകണമോ എന്ന് നിങ്ങൾ തീരുമാനിക്കണം,” അനുരാഗ് താക്കൂർ പറഞ്ഞു. എന്നാൽ, ബിജെപി മുസ്ലീങ്ങൾക്ക് എല്ലാ അവകാശങ്ങളും തുല്യമായി നൽകിയിട്ടുണ്ടെന്നും അത് മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറിച്ച് അത് അവരുടെ അവകാശമാണെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.

“രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ 55% സ്വത്ത് സർക്കാരിലേക്ക് പോകുമെന്ന് നിയമം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഈ നിയമം നിർത്തലാക്കി തൻ്റെ സ്വത്ത് സംരക്ഷിച്ചു. ഇപ്പോൾ രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനാൽ നിങ്ങളുടെ മക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു. ഗാന്ധി കുടുംബം അവർക്ക് അനുയോജ്യമായത് ചെയ്യുകയാണ്. ഠാക്കൂറിൻ്റെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പരാമർശം അതിരുകടന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്.
രാജസ്ഥാനിൽ അടുത്തിടെ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്വേഷ പരാമർശൺ നടത്തിയിരുന്നു. കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ അധികാരത്തിലെത്തിയാൽ മുസ്ലീകങ്ങളെ പരാമർശിച്ച്, കൂടുതൽ കുട്ടികളുള്ളവർക്ക് രാജ്യത്തിൻ്റെ സമ്പത്ത് വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം വലിയ വിവാദത്തിന് ഇടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here