കോഴിക്കോട്: വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കള്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകള്‍ കൂടി നിര്‍വഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങള്‍. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയില്‍ പുനഃക്രമീകരിക്കാന്‍ മഹല്ലുകള്‍ക്ക് സമസ്ത നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.