ഉപ്പളയിൽ എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന പണം കവർന്ന സംഭവം; കവർച്ചസംഘത്തിന് കാസർകോട്ടും കണ്ണികളെന്ന് വിവരം

0
353

കാസർകോട് : ഉപ്പളയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാഹനത്തിൽനിന്ന് അരക്കോടി രൂപ കവർന്ന സംഘത്തിന് കാസർകോട്ടും കണ്ണികളെന്ന് വിവരം. കവർച്ച സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരിൽ കാസർകോട് സ്വദേശിയുമുണ്ടെന്ന നിർണായക വിവരമാണ് പുറത്തുവരുന്നത്.

കവർച്ചയ്ക്കുശേഷം വൈകീട്ടത്തെ ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിലാണ് സംഘം കടന്നുകളഞ്ഞതെന്നും തീവണ്ടിയാത്രയ്ക്ക് ടിക്കറ്റെടുത്തുനൽകിയത് ചെറുവത്തൂർ സ്വദേശിയാണെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പണം കവർന്നതിന് തൊട്ടടുത്തദിവസം ബെംഗളൂരുവിൽ സമാനരീതിയിൽ ലാപ്‌ടോപ്പ് കവർന്നതായും അതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ ലഭിച്ചതായും വിവരമുണ്ട്.

തമിഴ്‌നാട്ടിൽനിന്നുള്ള മൂന്നംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനുപിന്നാലെ ട്രിച്ചിയിലും ബെംഗളൂരുവിലുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 27-നാണ് ഉച്ചയ്ക്ക് രണ്ടരയോടെ ഉപ്പള ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് പൊളിച്ച് ബാഗിലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നത്. തുടർന്ന് പ്രദേശത്തെ സി.സി.ടി.വി. പരിശോധിച്ചതിൽ ഒരാൾ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു.

കൂടുതൽ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോൾ ബാഗുമായി കടന്നയാൾക്കൊപ്പം മറ്റു രണ്ടുപേരും മംഗളൂരുഭാഗത്തുനിന്ന് ബസിൽ വന്നിറങ്ങുന്നതും കവർച്ചയ്ക്കുശേഷം ഉപ്പളയിൽനിന്ന് ഓട്ടോയിൽ കയറി കുമ്പള ഭാഗത്തേക്ക് പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചു.

കുമ്പള റെയിൽവേ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്. അവിടെ ബെംഗളൂരുവിലേക്കുള്ള തീവണ്ടി നിർത്തില്ലെന്ന് മനസ്സിലാക്കി മറ്റൊരു ഓട്ടോയിൽ സംഘം കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുകയും വൈകീട്ടത്തെ കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസിൽ കയറുകയുമായിരുന്നു.

ഈ യാത്രക്കുള്ള ടിക്കറ്റാണ് ചെറുവത്തൂരിൽനിന്ന് എടുത്തതെന്ന്‌ അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആരാണ് ടിക്കറ്റ് എടുത്തുനൽകിയതെന്നതുൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.

കവർച്ചനടന്ന ദിവസം രാവിലെ മുതലുള്ള ഉപ്പള ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ മംഗളൂരുവിൽനിന്നുള്ള ബസിൽ മൂന്നുപേർ ഉപ്പളയിലിറങ്ങുന്നത് വ്യക്തമായി കാണാം.

കൂടുതൽ അന്വേഷണത്തിൽ ഉപ്പളയിലേതിന് സമാനമായി മംഗളൂരുവിൽ ഒരു വാഹനത്തിന്റെ ചില്ല് പൊളിച്ച് ലാപ്‌ടോപ്പ് കവർച്ചനടത്തിയ വിവരവും പോലീസിന് ലഭിച്ചു.

തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ ഇത്തരത്തിൽ കവർച്ചനടത്തുന്ന സംഘമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here