ഉപ്പളയില്‍ യുവാവിനെ കാറില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

0
156

ഉപ്പള: യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില്‍ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബംബ്രാണയിലെ കിരണ്‍ രാജ് (24), പ്രായപൂര്‍ത്തിയാകാത്ത 17കാരന്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കിരണ്‍രാജിനെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളെ നോട്ടീസ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഉപ്പള, ബപ്പായത്തൊട്ടിയിലെ അമാന്‍ മന്‍സിലില്‍ മുഹമ്മദ് ഫാറൂഖ് (35)ആണ് അക്രമത്തിനിരയായത്. വീട്ടില്‍ തനിച്ച് താമസിക്കുന്ന ഇയാളെ ബന്ധുവായ ഇര്‍ഷാദ് എന്നയാള്‍ കാറില്‍ കൂട്ടിക്കൊണ്ടു പോവുകയും വയലിന് സമീപത്തെ ഒരു വീടിന് മുന്നില്‍ വെച്ച് മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ച് അവശനാക്കിയ ശേഷം തിരികെ വീട്ടിലെത്തിച്ച സംഘം കടന്നു കളഞ്ഞുവെന്നാണ് പൊലീസ് കേസ്.

ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ പിറ്റേ ദിവസമാണ് നാട്ടുകാര്‍ മുഹമ്മദ് ഫാറൂഖിനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അടുത്തിടെ മംഗളൂരുവിലെ ജയിലില്‍ നിന്ന് ഇറങ്ങിയ കിരണ്‍രാജ്, ഇര്‍ഷാദ്, കണ്ടാലറിയാവുന്ന മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ആളും കിരണ്‍ രാജും അറസ്റ്റിലായതോടെ മറ്റു രണ്ട് പേരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here