കോട്ടയം: വിവാദ ചിത്രം ദ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് കുട്ടികളും അറിയട്ടെ. ലൗ ജിഹാദ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് മുസ്ലീങ്ങളിലെ ഒരു വിഭാഗമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് കേരള സ്‌റ്റോറി എല്ലാവരും കാണണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാലും ആരോപിച്ചു. തന്റെ പല സുഹൃത്തുക്കളുടെ മക്കള്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ പ്രതികരിച്ചു. ‘ലൗ ജിഹാദ് ഉണ്ട്, പറയുന്ന അത്രയും ഭീകരമായിട്ടില്ല. എന്റെ സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അവര്‍ എന്റെയടുത്ത് വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇത് മനഃപൂര്‍വ്വമാണോ എന്നറിയില്ല. പല അച്ഛനമ്മമാരും വന്ന് എന്നോട് പറഞ്ഞത് ലൗ ജിഹാദുണ്ടെന്നാണ്. അത് സംബന്ധിച്ച് അന്വേഷണം നടത്തണം’, പത്മജ പറഞ്ഞു.
ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ , ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പത്മജയുടെ മറുപടി. ന്യൂനപക്ഷത്തിനുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. അതിന് ഈ സിനിമ പ്രസക്തമാണ്. തെറ്റ് ഏതാണ് ശരിയേതാണെന്ന് മനസിലാക്കാന്‍ ഈ ഒരു സന്ദേശം കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.