തിരുവനന്തപുരം: അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക. അമേരിക്ക, കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല.
100 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളൂ. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ദിവസമാണ് ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്‍ക്കും. പൂര്‍ണഗ്രഹണം 4 മിനുട്ട് 27 സെക്കന്റ് നീണ്ടു നില്‍ക്കും. 2017 ആഗസ്ത് 21ന് അമേരിക്കയില്‍ ദൃശ്യമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം.
എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം?
സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂര്‍ണ സൂര്യഗ്രഹണം. ഈ സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്‌കും ചന്ദ്രന്‍ മൂടുകയും ചെയ്യുന്നു. നട്ടുച്ച സമയത്തുള്ള ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പഴമക്കാര്‍ പറയുന്നത്.
സൂര്യഗ്രഹണം എങ്ങനെ കാണാം?
ഗ്രഹണം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ സൂര്യനെ നോക്കുമ്പോള്‍ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കും. അതുവഴി, സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കാതെ കാണാനാകും.
ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കുമെങ്കിലും ഇന്ത്യയില്‍ രാത്രിയായത് കൊണ്ട് കാണാന്‍ കഴിയില്ല. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനുളള അവസരമായി കൂടിയാണ് ഇത്തരം സന്ദര്‍ഭങ്ങളെ ശാസ്ത്രജ്ഞര്‍ കാണുന്നത്.
Media vision news WhatsApp Channel on https://whatsapp.com/channel/0029Va9HK8V8vd1PmQCSRq0K