ദുബൈ സർവീസ് റദ്ദാക്കി എയർഇന്ത്യ; ഏപ്രിൽ 21 വരെയുള്ള ടിക്കറ്റുകൾ മാറ്റി നൽകും

0
171

ദുബൈയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി മറ്റൊരു ദിവസത്തെ യാത്രക്ക് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ മാസം 30 വരെ ഇസ്രായേൽ സർവീസും എയർ ഇന്ത്യ റദ്ദാക്കി. എന്നാൽ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇത് ബാധിക്കില്ല.

മഴക്കെടുതിയിൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് ദുബൈ സർവീസുകൾ നിർത്തിവെക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. കേരളത്തിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് ദുബൈയിലേക്ക് എയർ ഇന്ത്യ സർവീസുള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കേരളത്തിൽ നിന്ന് ദുബൈയിലെത്തുന്നത്. എന്നാൽ ഡൽഹി മുംബൈ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാകും.

എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ വിമാനങ്ങൾ ഇന്നലെ രാത്രി മുതൽ സർവീസ് പുനരാരംഭിച്ചു. ചെക്ക് ഇൻ ആരംഭിച്ചപ്പോൾ തന്നെ വൻ തിരക്കാണ് ഇന്നലെ രാത്രി ദുബൈ വിമാനത്താളത്തിൽ അനുഭവപ്പെട്ടത്. സർവീസുകൾ പുനരാരംഭിച്ചെങ്കിലും പല വിമാനങ്ങളും വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൺഫേംഡ് ടിക്കറ്റുള്ളവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. തിരക്ക് കുറക്കാനാണ് ഈ നിർദേശം. അതേസമയം, ഇന്നലെ രാത്രി എമിറേറ്റ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർക്ക് ബാഗേജുകൾ ലഭിച്ചില്ലെന്ന പരാതിയുണ്ട്. ബാഗേജ് പിന്നീട് എത്തിക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here