ബംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കൊപ്പൽ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എൽ.എമാരായ കെ. രാഘവേന്ദ്ര ഹിത്നൽ, ബസവരാജ് റായറെഡ്ഢി, ഹമ്പനഗൗഡ ബദർളി, ലക്ഷ്മൺ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച്ച്.എം. രേവണ്ണ, കെ.പി.സി.സി ഭാരവാഹികൾ പങ്കെടുത്തു.
ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ 74കാരനായ സങ്കണ്ണ ഏറെ അസ്വസ്ഥനായിരുന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ എന്നിവരെ സന്ദർശിച്ച ശേഷം കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിക്കുമെന്ന് കാരാഡി ചൊവ്വാഴ്ച തന്റെ വസതിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച കേരളത്തിൽ തിരുവനന്തപുരത്ത് ശശി തരൂർ, കണ്ണൂരിൽ കെ. സുധാകരൻ, വടകരയിൽ ഷാഫി പറമ്പിൽ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബിജെപി എം.പിയുടെ കോൺഗ്രസ് പ്രവേശനം.
കഴിഞ്ഞദിവസങ്ങളിൽ വിവിധ എം.പിമാരടക്കം നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നിരുന്നു. ബിഹാറിലെ മുസഫർപുർ എം.പി അജയ് നിഷാദാണ് ഈ മാസം ആദ്യമാണ് ബിജെപിയിൽ നിന്നും രാജി വച്ചത്. രണ്ട് തവണ മുസഫർപുർ മണ്ഡലത്തിൽ നിന്നും എം.പിയായ അജയ് നിഷാദിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു.
ത്രിപുരയിൽ മുന്‍ എംഎല്‍എയും മുതിര്‍ന്ന അഭിഭാഷകനുമായ അരുണ്‍ ചന്ദ്ര ഭൗമിക്കും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കർണാടക ബിജെപി എംഎൽഎ തേജസ്വിനി ഗൗഡയും കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നിരുന്നു. ഹരിയാനയിലെയും രാജസ്ഥാനിലേയും എം.പിമാരും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഹരിയാന ഹിസാറിൽ നിന്നുള്ള ബിജെപി എം.പി ബ്രിജേന്ദ്ര സിങ്, രാജസ്ഥാൻ ചുരു മണ്ഡലത്തില്‍ നിന്നുള്ള എം.പി രാഹുല്‍ കസ്‌വാൻ എന്നിവരാണ് അടുത്തിടെ പാര്‍ട്ടി വിട്ട മറ്റുള്ളവർ.