‘മനസാക്ഷിക്കുത്ത് തോന്നിയാൽ…’; റിയാസ് മൗലവി കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റം, പ്രതികരിച്ച് കെ ടി ജലീൽ

0
71

മലപ്പുറം: റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിയുടെ സ്ഥലം മാറ്റത്തില്‍ പ്രതികരിച്ച് കെ ടി ജലീൽ എംഎല്‍എ. ഭീരുക്കളാണ് ഒളിച്ചോടുക. ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അഭിഭാഷകനും നടനുമായ ഷുക്കൂര്‍ വക്കീലിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ജലീല്‍ പ്രതികരിച്ചത്.

സാധാരണ കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്ക് ട്രാൻസ്ഫർ ഉണ്ടാവുക മെയ് മാസം, സമ്മർ വെക്കേഷനു ശേഷമാണ്. റിയാസ് മൗലവി കേസിൽ മൂന്നു പ്രതികളെയും കുറ്റ വിമുക്തരാക്കിയ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനു പതിവിനു വിപരീതമായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഹൈക്കോടതി ആലപ്പുഴ ജില്ലാ ജഡ്ജായി ട്രാൻസ്ഫർ നൽകിയിട്ടുണ്ട് എന്നാണ് ഷുക്കൂര്‍ വക്കീൽ ഫേസ്ബുക്കില്‍ കുറിച്ചത്.

കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന. മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. എന്നാൽ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെരഞ്ഞെടുപ്പ് വേളയിൽ വന്ന വിധി വലിയ ചർച്ചയായി.

പ്രതിപക്ഷം വിധി സർക്കാരിനെതിരെ ആയുധമാക്കി. പിന്നാലെ എല്ലാ പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ വാദങ്ങൾ ദുർബലമാണ്. പ്രതികളെ ശിക്ഷാനാവശ്യമായ തെളിവുകളുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here