വധുവിന് വീട്ടുകാർ നൽകുന്ന സ്വത്തിൽ ഭർത്താവിന് അവകാശമില്ല: സുപ്രിംകോടതി

0
243

വിവാഹസമയം ഭാര്യക്ക് വീട്ടുകാർ നൽകുന്ന സമ്പത്തിൽ ഭർത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രിംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ധാർമിക ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിർദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിക്കവെ ആയിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

വിവാഹസമയത്ത് വീട്ടുകാർ സമ്മാനമായി നൽകിയ 89 പവൻ സ്വർണം ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭർത്താവിന് രണ്ട് ലക്ഷം രൂപയും നൽകിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭർത്താവ് ആഭരണങ്ങൾ ഊരിവാങ്ങി സുരക്ഷിതത്വത്തിന്റെ പേരിൽ ഭർതൃമാതാവിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന്, മുൻകാല സാമ്പത്തിക ബാധ്യതകൾ തീർക്കാൻ തന്റെ സ്വർണം ഇവർ ദുരുപയോഗം ചെയ്തതായും യുവതി പറയുന്നു.

2011-ൽ കുടുംബകോടതി ഭർത്താവും അമ്മയും ചേർന്ന് പരാതിക്കാരിയുടെ സ്വർണ്ണാഭരണങ്ങൾ ദുരുപയോഗം ചെയ്തുവെന്നും ഈ നഷ്ടം ഭർതൃവീട്ടുകാർ നികത്തണമെന്നും വിധിച്ചു. എന്നാൽ, കേസ് കേരള ഹൈക്കോടതിയിൽ എത്തിയതോടെ കുടുംബകോടതിയുടെ ഈ ഇളവ് റദ്ദാക്കുകയായിരുന്നു. ഭർത്താവും അമ്മയും ചേർന്ന് സ്വർണാഭരണങ്ങൾ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുടുംബകോടതി ഉത്തരവ് റദ്ദാക്കിയത്.

തുടർന്ന്, ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ‘സ്ത്രീധന സ്വത്ത്’ ഭർത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി മാറില്ലെന്ന് സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ഭർത്താവിന് ഉടമസ്ഥനെന്ന നിലയിൽ സ്വത്തിന്മേൽ അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

വിവാഹത്തിന് മുൻപോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് വീട്ടുകാർ സമ്മാനിക്കുന്ന സ്വത്തുക്കൾ അവളുടെ സ്ത്രിധാന സ്വത്താണ്. അത് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളുമുള്ള സ്ത്രീയുടെ സമ്പൂർണ്ണ സ്വത്താണെന്നും സുപ്രിംകോടതി പറഞ്ഞു. ദുരിതകാലത്ത് ഭർത്താവ് ഈ സ്വത്തുക്കൾ ഉപയോഗിച്ചാലും ഭാര്യക്ക് അത് തിരിച്ചുകൊടുക്കാനുള്ള ബാധ്യതയുണ്ടെന്നും കോടതി വിധി പറയവേ വ്യക്തമാക്കി.

2009ൽ 8.90 ലക്ഷം രൂപയുണ്ടായിരുന്ന 89 പവൻ സ്വർണത്തിന് പകരം പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ യുവതിക്ക് ആരംഭിക്കണമെന്നും കോടതി നിർദേശിച്ചു. ജീവിതച്ചെലവിലെ വർദ്ധനവ്, തുല്യതയുടെയും നീതിയുടെയും താൽപ്പര്യം എന്നിവ കണക്കിലെടുത്ത് 25,00,000 രൂപ അപ്പീലിന് നൽകാനും കോടതി നിർദേശിച്ചു. പങ്കാളികള്‍ തമ്മിലുള്ള പരസ്‌പര ബഹുമാനമാണ് വിവാഹ സങ്കൽപത്തിന്റെ അടിസ്ഥാനമെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here