വേനല്‍ മഴ കഴിഞ്ഞു, സംസ്ഥാനത്ത് വീണ്ടും ചൂട് കനക്കുന്നു; എല്ലാ ജില്ലകളിലും താപനില ഉയരും

0
76

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച ലഭിച്ച വേനല്‍ മഴയ്ക്ക് ശേഷം വീണ്ടും ചൂട് കനക്കുകയാണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്ന ഇടുക്കി, വയനാട് ജില്ലകളില്‍ പോലും താപനില 35 ഡിഗ്രിയിലേക്ക് അടുക്കുകയാണ്. എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ താപനില ഉയരും എന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഞായറാഴ്ചയും തിങ്കളാഴ്ചയും കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് പതിവില്‍ കൂടുതല്‍ ഉയര്‍ന്നതോടെയാണിത്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്തും തൃശൂരിലും 40 ഡിഗ്രിവരെയും ചൂട് രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. ഉഷ്ടണതരംഗത്തില്‍ പതിവ് താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി വരെ ചൂട് ഉയരാനും സാദ്ധ്യതയുണ്ട്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കാസര്‍കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ പോലും 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയതോതില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും വന്നിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, വടക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. ആയതിനാല്‍ കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, വടക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here