കർണാടകയിൽ പിടികൂടിയത് 5.6 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും; ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ്

0
188

കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിന്റെയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും കർണാടക പൊലീസ് പിടികൂടിയത്.

5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ് പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തു‌ക്കളും ഏതെങ്കിലും വ്യക്തിയ്‌ക്കോ രാഷ്ട്രീയപാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കർണാടകയിലെ മൈസൂരു റൂറൽ ജില്ലയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ദിവസം 98.52 കോടി രൂപയുടെ മദ്യം എക്‌സൈസ് പിടികൂടിയിരുന്നു. ആദായനികുതി വകുപ്പും സ്റ്റാറ്റിക് സർവൈലൻസ് ടീമും 3.53 കോടി രൂപയും പിടിച്ചെടുത്തു. ഇവകൂടാതെ കലബുറഗി ജില്ലയിലെ ഗുൽബർഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 35 ലക്ഷം രൂപയും ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് 45 ലക്ഷം രൂപയും പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here