കാസർകോട്: നാടൊന്നടങ്കം ഉറ്റുനോക്കിയ വിധി. ശനിയാഴ്ച ജില്ല സെഷൻസ് കോടതി പ്രസ്താവിച്ച വിധി കാസർകോട്ടെന്നല്ല, കേരളം മുഴുവൻ കാതോർത്തിരുന്നതായിരുന്നു. എന്നാൽ, മതേതര മനസ്സിന് മുറിവേൽക്കും വിധം ആശ്ചര്യപ്പെടുത്തിയ വിധിയായിരുന്നു റിയാസ് മൗലവിയുടെ വധക്കേസിൽ ശനിയാഴ്ചയുണ്ടായത്. മൗലവിയുടെ കുടുംബത്തിനും കാസർകോടിന്റെ മതേതര മനസ്സിനും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വിധിയായിരുന്നു ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽനിന്നുണ്ടായിരിക്കുന്നതെന്ന് കോടതി പരിസരത്ത് കാത്തിരുന്നവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.
പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഏഴുവർഷത്തിനിപ്പുറം വിധി വന്നിരിക്കുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചയാണ് റിയാസ് മൗലവി പള്ളിയിൽ കൊല്ലപ്പെട്ടത്. കേസിൽ വിധിപറയുന്ന ശനിയാഴ്ചവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷമായി ജയിലിൽത്തന്നെയായിരുന്നു. ഏഴ് ജഡ്ജിമാരാണ് കേസ് ഇതുവരെ പരിഗണിച്ചത്. ഒടുവില്‍ ശനിയാഴ്ച ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഒറ്റവരിയിൽ ‘വെറുതെ വിട്ടു’ വിധി പറഞ്ഞത്.
റിയാസ് മൗലവി വധക്കേസ് നാൾ വഴി
20.03.2017 പുലര്‍ച്ച പഴയ ചൂരി പള്ളിയിൽ താമസസ്ഥലത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസുകാരായ പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തി.
23.03.2017 പ്രതികൾ അറസ്റ്റിൽ
01.07.2017 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ല സെഷന്‍സ് ജഡ്ജ് എസ്. മനോഹര്‍കിണി തള്ളി. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകൻ ഹാജരായി.
2019ൽ കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.
2020-21 കോവിഡ് കാരണം വിചാരണ നീണ്ടു
29.02.24 കേസ് പരിഗണിക്കുന്ന ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അവധിയിലായതിനാൽ വധക്കേസിന്റെ വാർഷികദിനമായ മാർച്ച് ഏഴിലേക്ക് വിധി പറയുന്നത് മാറ്റി.
07.03.24 വിധി പറയുന്നത് മാർച്ച് 20ലേക്ക് മാറ്റി
20.03.24 വിധി വീണ്ടും മാർച്ച് 30ലേക്ക് മാറ്റി.
30.03.24 ഒറ്റവരിയിൽ വിധി