കോൺഗ്രസിൽ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദർ സിങ്ങ് ബിട്ടു ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി തജീന്ദർ സിംഗ് ബിട്ടു ശനിയാഴ്ചയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനവും ബിട്ടു രാജിവച്ചു.
ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് തജീന്ദർ സിങ്ങ് ബിട്ടു ബിജെപി അംഗത്വം സ്വീകരിച്ചത്. ഹിമാചൽ പ്രദേശിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബിട്ടു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി ആയി അറിയപ്പെടുന്ന നേതാവാണ് തജീന്ദർ സിങ്ങ് ബിട്ടു. ഹിമാചല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രിയങ്കയുടെ വലംകൈ ആയിരുന്നു തജീന്ദർ സിങ്ങ് ബിട്ടു.
തജീന്ദർ സിങ്ങ് ബിട്ടു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജി സമർപ്പിച്ചിരുന്നു. “ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും എഐസിസി സെക്രട്ടറി, ഹിമാചൽ പ്രദേശിൻ്റെ കോ-ഇൻചാർജിൽ നിന്നും ഉടൻ പ്രാബല്യത്തിൽ വരുന്ന എൻ്റെ രാജി ഞാൻ ഇതിനാൽ സമർപ്പിക്കുന്നു” എന്ന് തജീന്ദർ സിങ്ങ് ബിട്ടു രാജിക്കത്തിൽ വ്യക്തമാക്കി. 35 വർഷത്തിന് ശേഷം ഞാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നു എന്നാണ് ബിട്ടു തൻ്റെ രാജിക്കത്ത് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.