റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ് വിസ ഇപ്പോള്‍ പലര്‍ക്കും നിരസിക്കപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് വിസ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിശദീകരിക്കുന്നു.
അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കുന്നവര്‍ക്ക് അനായാസേന ഫാമിലി വിസിറ്റ് വിസ ലഭിക്കുന്നുമുണ്ട്. അപേക്ഷ നിരസിക്കുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കാറുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കാരണം സൂചിപ്പിക്കാറില്ല.
കാരണം വ്യക്തമാക്കാതെ നിരസിക്കപ്പെടുന്നവര്‍ പ്രശ്‌നം എന്താണെന്ന് അറിയാതെ വീണ്ടും പഴയ രീതിയില്‍ തന്നെ നല്‍കി വലയുകയും ചെയ്യുന്നു. ചേംബര്‍ അറ്റസ്റ്റേഷന്‍ വരെ പൂര്‍ത്തിയായ ശേഷമാണ് അപേക്ഷ തള്ളുന്നത്. മിക്ക അപേക്ഷകളും അറബിയില്‍ അല്ലെന്ന കാരണത്താലാണ് നിരസിക്കപ്പെടുന്നത്.
സന്ദര്‍ശന വിസയില്‍ വരുന്ന വ്യക്തികളുടെ പേരും പാസ്പോര്‍ട്ട് നമ്പറും ഒഴികെയുള്ള വിവരങ്ങളെല്ലാം അറബിയില്‍ നല്‍കണം. ചില സന്ദര്‍ഭങ്ങളില്‍ അപേക്ഷകന്റെ അഡ്രസ് വ്യക്തമല്ലാത്ത അപേക്ഷകളും നിരസിക്കപ്പെടാറുണ്ട്. പ്രത്യക്ഷത്തില്‍ അഡ്രസ് എഡിറ്റ് ചെയ്യാന്‍ കഴിയില്ലെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിസ പേജില്‍ പോയാല്‍ ഇത് എഡിറ്റ് ചെയ്ത് നാഷണല്‍ അഡ്രസ്സ് വ്യക്തമായി നല്‍കാനും ഓപ്ഷന്‍ കാണിക്കുന്നുണ്ട്.
സ്‌പോണ്‍സറുടെ ചേമ്പര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെയാണ് വിസ ഇഷ്യു നടപടികള്‍ ആരംഭിക്കുന്നത്. സാധാരണ നിലയില്‍ ചേമ്പര്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയായ ശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ ഇഷ്യു ചെയ്യും. ഈ ഘട്ടത്തിലാണ് വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതും എല്ലാം ശരിയായായവര്‍ക്ക് വിസ ലഭിക്കുന്നതും. രേഖകളും വിവരങ്ങളുമെല്ലാം ശരിയാണെങ്കിലും ചിലപ്പോള്‍ രണ്ടാഴ്ച സമയമെടുക്കാറുണ്ട്.