രാമേശ്വരം കഫേ സ്‌ഫോടനം; ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

0
220

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി. ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള സായ് പ്രസാദിനെയാണ് എൻഐഎ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് തീർത്ഥഹള്ളിയിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും നേരത്തെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

വൈറ്റ്ഫീല്‍ഡിലെ കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിൽ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേർക്കാണ് പരിക്കേറ്റത്. കേസുമായി ബന്ധപ്പെട്ട് മുസമ്മിൽ ഷരീഫ് എന്നയാളെ എൻഐഎ മാർച്ച് 28ന് അറസ്റ്റു ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ സൂത്രധാരകരിൽ ഒരാളാണ് ഇയാൾ എന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. ഇയാൾക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തിരക്കേറിയ കഫേയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് കേസ് എൻഐഎക്കു കൈമാറി.

മുസവ്വിർ ഷസീബ് ഹുസൈൻ എന്നയാളാണ് സ്ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്നാണ് എൻഐഎ പറയുന്നത്. അബ്ദുൽ മതീൻ താഹ എന്നയാൾക്കു വേണ്ടിയും അന്വേഷണം തുടരുകയാണ്. മൂന്നു പേരുടെയും വീടുകളിലും കടകളിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 18 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ശിവമൊഗ്ഗയിൽനിന്നുള്ള ബിജെപി പ്രവർത്തകൻ എൻഐയുടെ പിടിയിലാകുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിട്ടിട്ടില്ല.

സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തിന് പിന്നാലെ, സ്ഫോടനത്തിന് പിന്നില്‍ ബിജെപിയുടെ പങ്ക് എന്താണ് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘ബിജെപി പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തതോടെ രാമേശ്വരം കഫേ സ്ഫോടനത്തിൽ ബിജെപിക്ക് പങ്കുണ്ട് എന്നല്ലേ അതു സൂചിപ്പിക്കുന്നത്. മതസംരക്ഷണത്തിന്റെ പേരിൽ ബിജെപി പ്രചരിപ്പിക്കുന്ന കാവി തീവ്രവാദത്തിന് ഇതിലും വ്യക്തമായ തെളിവുകൾ ആവശ്യമുണ്ടോ? രാജ്യത്തുടനീളം ആർഎസ്എസ് ആശയം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര ബിജെപിക്ക് ഇതിൽ എന്താണ് പറയാനുള്ളത്’- കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here