മഴക്കെടുതി: യുഎഇ രക്ഷൗദൗത്യത്തിന് മലയാളികളും പങ്കാളികൾ; സുപ്രധാന പ്രഖ്യാപനം നടത്തി യുഎഇ പ്രസിഡന്റ്

0
305

അബുദാബി: 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മഴക്കെടുതിയില്‍ നിന്നും കരകയറി വരികയാണ് യുഎഇയിലെ ജനങ്ങൾ. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ തന്നെ എല്ലാം പൂ‍ര്‍വ്വ സ്ഥിതിയിലേക്കാകുമെന്നാണ് പ്രതീക്ഷ.

റെക്കോർഡ് മഴയ്ക്ക് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ രാജ്യവ്യാപകമായി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങുകയാണ് യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പഠിക്കാൻ നിർദേശം നൽകിയത്. ദുരിത ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സമ്പൂർണ്ണ പിന്തുണ നൽകാൻ അധികൃതരോട് പ്രസിഡന്റ് നിർദേശിച്ചു. പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്ത് വെളിവാക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

അതേസമയം, വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. കേരളത്തിൽ നിന്നുളളതും കേരളത്തിലേക്കുളളതുമായ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെയടക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ നിർത്തിവെച്ച നടപടി എമിറേറ്റ്സ് എയർലൈൻസ് ഇന്ന് രാവിലെ 9 വരെ നീട്ടിയിരിക്കുകയാണ്. ദുബായ് എയർപോർട്ട് ടെർമിനൽ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തി. എയർപോർട്ടുകളിൽ കുടുങ്ങിയ യാത്രക്കാർ പലയിടത്തും തുടരുകയാണ്.

വിമാനങ്ങൾ ഇന്നും റദ്ദാക്കി

ദുബൈയിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12-15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here